ഇന്ധനവില വീണ്ടും കൂട്ടി, വർധനവ് ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണ
രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. മെയ് 15-ന് ഇന്ധനവിലയിൽ 3 രൂപയുടെ വർധനവ് ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ മാറ്റം. ദില്ലിയിൽ പെട്രോൾ ലിറ്ററിന് 87 പൈസ വർധിച്ച് 98.64 രൂപയായും ഡീസൽ 91 പൈസ വർധിച്ച് 91.58 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമാണ് നിലവിലെ വില.
ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. കഴിഞ്ഞ പത്ത് ആഴ്ചകളായി പഴയ നിരക്കിൽ ഇന്ധനം വിറ്റിരുന്ന എണ്ണക്കമ്പനികൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഈ നടപടിയെന്ന് ആണ് റിപ്പോർട്ട്.
ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടാക്സി, ബസ് സർവീസുകളെയും സാധാരണക്കാരായ വാഹന ഉടമകളെയും ഇത് നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില വർധനവ് തുടരാൻ സാധ്യതയുണ്ട്, ഇത് പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമായേക്കാം.