ഇന്റർനാഷണൽ ഇൻവസ്റ്റ്മെന്റ് ഗ്രേഡ് ഇഷ്യുവർ റേറ്റിംഗ്‌സ് സ്വന്തമാക്കി ഫെഡറൽ ബാങ്ക്
ആഗോളപ്രശസ്ത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് ഫെഡറൽ ബാങ്കിന് ദീർഘകാലം അടിസ്ഥാനമാക്കി BBB-/സ്റ്റേബിൾ റേറ്റിങ്ങും ഹൃസ്വകാലം അടിസ്ഥാനമാക്കി A-3 റേറ്റിങ്ങും നൽകി
കൊച്ചി: ആഗോളപ്രശസ്ത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് ഫെഡറൽ ബാങ്കിന് ദീർഘകാലം അടിസ്ഥാനമാക്കി BBB-/സ്റ്റേബിൾ റേറ്റിങ്ങും ഹൃസ്വകാലം അടിസ്ഥാനമാക്കി A-3 റേറ്റിങ്ങും നൽകി. ബാങ്ക് ഫ്രാൻഞ്ചൈസിയുടെ കരുത്ത്, റിസ്ക് മാനേജ്മെന്റിൽ കാഴ്ചവച്ച അച്ചടക്കം, വൈവിധ്യമാർന്ന ഫണ്ടിംഗ് സംവിധാനം, ശക്തമായ പണലഭ്യത, സ്ഥിരതയാർന്ന പ്രകടനം എന്നീ മേഖലകളിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കിന് റേറ്റിംഗ് ലഭിച്ചത്. BBB-/സ്റ്റേബിൾ റേറ്റിംഗ് ലഭിച്ചതോടെ, ആഗോള ഇൻവസ്റ്റ്മെന്റ്- ഗ്രേഡ് കാറ്റഗറിയിലേക്ക് ഫെഡറൽ ബാങ്ക് എത്തിച്ചേർന്നു. ഇതാദ്യമായാണ് ഫെഡറൽ ബാങ്കിന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സിന്റെ അംഗീകാരം ലഭിക്കുന്നത്.
ഇടപാടുകാർ, ബിസിനസ് പങ്കാളികൾ, ഓഹരി ഉടമകൾ തുടങ്ങിയവർ ബാങ്കിലർപ്പിച്ച വിശ്വാസം ദൃഢപ്പെടുത്തുന്നതിനൊപ്പം ആഗോളനിക്ഷേപകരുടെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും ഇടയിൽ ഫെഡറൽ ബാങ്കിന്റെ സ്വീകാര്യത ശക്തിപ്പെടുത്താനും ഉയർന്ന റേറ്റിംഗിലൂടെ സാധിക്കും. ഫെഡറൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്റർനാഷണൽ ഇൻവസ്റ്റ്മെന്റ് ഗ്രേഡ് ഇഷ്യുവർ റേറ്റിംഗ്‌സെന്ന് എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. ഫ്രാഞ്ചൈസിയുടെ കരുത്തും ബിസിനസ് മോഡലിന്റെ പ്രതിരോധശേഷിയും, വളർച്ച, റിസ്ക് മാനേജ്മെന്റ്, ഗവേണൻസ് എന്നീ മേഖലകളിൽ ബാങ്ക് സ്വീകരിച്ചിട്ടുള്ള അച്ചടക്കമുള്ള സമീപനവും മികച്ച റേറ്റിങ്ങിൽ പ്രതിഫലിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ മികവ്, സുസ്ഥിരമായ വളർച്ച, ദീർഘകാല മൂല്യവർദ്ധനവ് എന്നിവയിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ച്, ഭാവിയിലേക്കു സജ്ജമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നത് തുടരുന്ന ബാങ്കിന്റെ യാത്രയിലെ ഒരു സുപ്രധാന ഘട്ടത്തിലാണ് ഈ അംഗീകാരം ലഭിക്കുന്നത്. തെരഞ്ഞെടുത്ത മേഖലകളിൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ തേടുമ്പോഴും, ശക്തമായ സാമ്പത്തിക അടിത്തറ നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.