രണ്ടാഴ്ച തികയുന്നതിന് മുമ്പേ ട്രില്യണയർ പട്ടികയിൽ നിന്ന് പുറത്തായി ഇലോൺ മസ്ക്
ന്യൂയോർക്ക് : സ്പേസ് എക്സിന്റെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനത്തിന് പിന്നാലെ ലോകത്തിലെ ആദ്യത്തെ 'ട്രില്യണയർ' പദവിയിലേക്ക് ഉയർന്ന ഇലോൺ മസ്കിന് ആ നേട്ടം നിലനിർത്താനായില്ല. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം, രണ്ടാഴ്ച തികയുന്നതിന് മുമ്പേ മസ്ക് വീണ്ടും ട്രില്യണയർ പട്ടികക്ക് പുറത്തായി.
ജൂൺ 12ന് സ്പേസ് എക്സ് നാസ്ഡാക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെയാണ് മസ്ക് ചരിത്രത്തിൽ ആദ്യമായി ട്രില്യണയർ പദവിയിൽ എത്തിയത്. ജൂൺ 16ഓടെ ഓഹരി വിപണിയിലെ വൻ കുതിച്ചുചാട്ടത്തിൽ മസ്കിന്റെ ആസ്തി 1.32 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ചയോടെ അദ്ദേഹത്തിന്റെ ആസ്തി 957 ബില്യൺ ഡോളറായി കുറഞ്ഞു.
സാങ്കേതികവിദ്യ രംഗത്തെ ഓഹരികളിൽ ഉണ്ടായ വൻ ഇടിവാണ് മസ്കിന്റെ ആസ്തിയിൽ പ്രതിഫലിച്ചത്. നിർമിത ബുദ്ധി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾ, ലാഭക്ഷമതയെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവ ടെക് ഓഹരികളെ ബാധിച്ചു. സ്പേസ് എക്സ് ഓഹരികൾ അതിന്റെ പീക്ക് നിരക്കിൽ നിന്ന് 30 ശതമാനത്തിലധികം ഇടിഞ്ഞു. ജൂൺ 22ന് മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ നിന്ന് ഏകദേശം 240 ബില്യൺ ഡോളർ അപ്രത്യക്ഷമായി.
ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരികളിൽ ഉണ്ടായ 6 ശതമാനത്തോളം ഇടിവും സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടി. മസ്കിന്റെ സമ്പത്ത് വളരെ പരിമിതമായ കമ്പനികളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തിയുടെ 80 ശതമാനവും സ്പേസ് എക്സിലെ ഓഹരികളാണ്. ബാക്കി ഭാഗം ടെസ്‌ലയിലും. വിപണിയിലെ നേരിയ വ്യതിയാനങ്ങൾ പോലും അദ്ദേഹത്തിന്റെ ആസ്തിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു.