പ്രത്യക്ഷ നികുതി അടക്കാൻ സൗകര്യമൊരുക്കി ഡിബിഎസ് ബാങ്ക് ഇന്ത്യ

സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌റ്റ് ടാക്‌സസിൻറെ അംഗീകാരം ലഭിച്ചതിനെ തുടർന്ന്, വ്യക്തികൾക്കും ബിസിനസുകൾക്കും പ്രത്യക്ഷ നികുതി അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചതായി ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചു.

 

 
കൊച്ചി: സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌റ്റ് ടാക്‌സസിൻറെ അംഗീകാരം ലഭിച്ചതിനെ തുടർന്ന്, വ്യക്തികൾക്കും ബിസിനസുകൾക്കും പ്രത്യക്ഷ നികുതി അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചതായി ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചു. ടിൻ 2.0 സംവിധാനത്തിലൂടെ പ്രത്യക്ഷ നികുതികൾ സ്വീകരിക്കാൻ ഇനിമുതൽ ബാങ്കിനു സാധിക്കും. നിലവിൽ ചരക്കു സേവന നികുതികൾ സ്വീകരിക്കുന്നതിനു പുറമേയാണിത്. ഉപഭോക്താക്കൾക്ക് ആദായ നികുതി, മുൻകൂർ നികുതി, സെൽഫ് അസസ്സ്മെൻറ് ടാ‌ക്‌സ്, മൂലധന നേട്ട നികുതി, ടിഡിഎസ് എന്നിവ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് അടക്കാനാവും. നേരിട്ടുള്ള നികുതി ശേഖരണത്തിന് അനുമതി ലഭിക്കുന്ന ഇന്ത്യയിലെ വിദേശ ബാങ്കിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള ആദ്യ സബ്‌സിഡിയറിയാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ.

 ഡിബിഎസ് ബാങ്ക് ഇന്ത്യ അതിൻറെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രത്യക്ഷ നികുതി അടക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നത്. വ്യക്തിഗത ഉപഭോക്താക്കൾക്ക് ഡിജിബാങ്ക് ബൈ ഡിബിഎസും ചെറുകിട ഇടത്തരം സംരംഭങ്ങൾ മുതൽ വൻ കോർപറേറ്റുകളും ബഹുരാഷ്ട്ര കമ്പനികളും വരെയുളളവയ്ക്ക് ഡിബിഎസ് ഐഡിയലും പ്രയോജനപ്പെടുത്താം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന 'ഏജൻസി ബാങ്ക്' അംഗീകാരം ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്ക് ലഭിച്ചതോടെയാണ് ഈ സംവിധാനം അവതരിപ്പിക്കാനായത്.

 ഇൻറർനെറ്റ് ബാങ്കിങ്, എൻഇഎഫ്‌ടി, ആർടിജിഎസ്  എന്നിവ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുത്ത ഡിബിഎസ് ബാങ്ക് ശാഖയിൽ നേരിട്ട് എത്തിയോ നികുതി അടവു നടത്താം. നിയമപരമായി നടത്തേണ്ട നികുതി അടവുകൾ തൽസമയം കൺഫേർമേഷൻ ലഭിക്കുന്ന രീതിയിൽ പൂർത്തിയാക്കാനും ടിൻ 2.0 സംവിധാനം വഴി ചല്ലാൻ ലഭിക്കാനും ഇതു സഹായിക്കും.  തുടർച്ചയായി നികുതി അടയ്ക്കേണ്ടവർക്കും വലിയ തുകകൾ കൈകാര്യം ചെയ്യുന്നവർക്കും ഇത് ഏറെ പ്രയോജനകരമാണ്.

 ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ കാഷ് മാനേജുമെൻറ് തുടങ്ങിയ മേഖലകളിലെ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ വിശ്വാസ്യത കൂടുതൽ ശക്തമാക്കുന്നതാണ് പ്രത്യക്ഷ നികുതി സ്വീകരിക്കാൻ തങ്ങൾക്കു കിട്ടിയ അനുമതിയെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിങ് ഡയറക്‌ടറും ഗ്ലോബൽ ട്രാൻസാക്ഷൻസ് സർവീസസ്, കോർപറേറ്റ് ബാങ്കിങ്, ഫിനാൻഷ്യൻ ഇൻസ്റ്റിറ്റ്യൂഷൻസ് ആൻറ് എസ്എംഇ കൺട്രി ഹെഡുമായ ദിവ്യേഷ് ദലാൽ പറഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ സേവനങ്ങൾ നൽകി ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പിന്തുണ നൽകാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.