കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില
പശ്ചിമേഷ്യ യുദ്ധഭൂമിയായി മാറിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ ഒൻപത് ശതമാനം വരെ വർധനവുണ്ടായതോടെ, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 78.9 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാറിനെ തുടർന്ന് എണ്ണവില കുറഞ്ഞു വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ഇറാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും അമേരിക്ക സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കത്തെ ഈ സംഘർഷം ബാധിക്കുമെന്ന് ഉറപ്പായതോടെയാണ് വിപണിയിൽ വലിയ അനിശ്ചിതത്വം ഉണ്ടായത്. ഇതിന് പുറമെ ഇറാന് നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്കൻ ട്രഷറി വിഭാഗം റദ്ദാക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ജൂലൈ 17-നുള്ളിൽ നിലവിലുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ മാത്രമാണ് ഇപ്പോൾ സമയം നൽകിയിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്. ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ, അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ വില ഗണ്യമായി കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവില കുറയുമെന്ന വലിയ പ്രതീക്ഷ ഉപഭോക്താക്കൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ, ആഴ്ചകൾ കൂടി വില കുറഞ്ഞ സാഹചര്യം തുടർന്നാൽ മാത്രമേ ഇന്ത്യയിൽ വില കുറയ്ക്കാൻ സാധിക്കൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിൽ, നിലവിലെ വിലക്കയറ്റം മൂലം പെട്രോൾ, ഡീസൽ വില കുറയുന്നതിനായി പൊതുജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമായിരിക്കുകയാണ്.