രാജ്യം പാചകവാതക പ്രതിസന്ധിയിൽ
രാജ്യവ്യാപകമായി എൽപിജി സിലിണ്ടറുകൾക്ക് അനുഭവപ്പെടുന്ന കടുത്ത ക്ഷാമം സാധാരണക്കാരെയും വ്യാപാര മേഖലയെയും ഒരുപോലെ ബാധിക്കുന്നു. പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ന്യൂഡൽഹി: രാജ്യവ്യാപകമായി എൽപിജി സിലിണ്ടറുകൾക്ക് അനുഭവപ്പെടുന്ന കടുത്ത ക്ഷാമം സാധാരണക്കാരെയും വ്യാപാര മേഖലയെയും ഒരുപോലെ ബാധിക്കുന്നു. പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
സിലിണ്ടർ ബുക്കിംഗിലുണ്ടായ തടസ്സങ്ങളും വിതരണത്തിലെ അനിശ്ചിതത്വവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോവിഡ് ലോക്ഡൗൺ കാലത്ത് വൻനഗരങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടപ്പലായനം ചെയ്തതിന് സമാനമായ അതീവ ഗുരുതരമായ സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്.
മുംബൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലെ ഭക്ഷണശാലകളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് മിക്ക ഹോട്ടലുകളും ഭക്ഷണ മെനു പരിമിതപ്പെടുത്താൻ നിർബന്ധിതരായി. വിവിധ റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിംഗ് സംവിധാനങ്ങളെയും സിലിണ്ടർ ക്ഷാമം ബാധിച്ചു.
ഇത് ദീർഘദൂര യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. തെരുവ് കച്ചവടക്കാരും തട്ടുകടകളും പാചകവാതകം കിട്ടാതായതോടെ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയിലാണ്. സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനങ്ങളിലും ഏജൻസികളിലും നേരിടുന്ന സാങ്കേതിക തടസ്സങ്ങളാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദിവസങ്ങൾക്കു മുൻപേ ബുക്ക് ചെയ്തവർക്ക് പോലും സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്. ഗാർഹിക ഉപഭോക്താക്കൾ വിറക് അടുപ്പുകളിലേക്ക് മാറേണ്ട ഗതികേടിലാണിപ്പോൾ. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.