റബർവിലയിൽ‌ വൻ ഇടിവ്,  വെളിച്ചെണ്ണ വില ഉയർന്നുതന്നെ

 

രാജ്യാന്തര റബർവിലയിൽ‌ വൻ ഇടിവ്. ഉൽപാദന സീസൺ ആരംഭിക്കുകയും വിപണിയിലേക്ക് ചരക്കുവരവ് മെച്ചപ്പെടാൻ തുടങ്ങുകയും ചെയ്തത് വില ഇടിവിന് കാരണമായി. ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 4 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. ചൈനയിൽ നിന്ന് ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം മികച്ച ഡിമാൻഡ് കിട്ടുമെന്ന വിലയിരുത്തൽ ഉണ്ടാവുകയും വില വർധിക്കുമെന്നും പ്രതീക്ഷിച്ചിരിക്കേയാണ് ഈ ഇടിവ്.

അതേസമയം, കേരളത്തിൽ വില മാറ്റമില്ലാതെ തുടരുകയാണ്. കാലവർഷം തുടങ്ങിയത് നാളികേര വിളവെടുപ്പിനെ ബാധിക്കുന്നത് വെളിച്ചെണ്ണ വിലയെ വീണ്ടും ഉയരങ്ങളിലേക്ക് നയിക്കുകയാണ്. ഇതിന് പുറമെ രാജ്യാന്തര തലത്തിൽ ഭക്ഷ്യഎണ്ണ വില ഉയരുന്നതും വെളിച്ചെണ്ണയ്ക്ക് കുതിപ്പേകുന്നു. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 300 രൂപ കൂടി ഉയർന്നു. എന്നാൽ കുരുമുളക് വിലയിൽ മാറ്റമില്ല.

കട്ടപ്പന കമ്പോളത്തിൽ കൊക്കോ വിലകളും കൽപറ്റയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയിട്ടില്ല. മികച്ച ഡിമാൻഡുള്ളതിനാൽ ഏലം വിലയും മെച്ചപ്പെടുന്നുണ്ട്. ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലയ്ക്ക മുഴുവനായും ഏറ്റെടുക്കാൻ കയറ്റുമതിക്കാർ ഉൾപ്പെടെയുള്ളവർ മത്സരിക്കുകയാണ്. വില കൂടുന്നതിന്റെ നേട്ടം കൊയ്യാനായി കർഷകരും മികച്ച തോതിൽ സ്റ്റോക്ക് എത്തിക്കാൻ തയ്യാറായിട്ടുണ്ട്.