തുടർച്ചയായ രണ്ടാം പാദത്തിലും ബി‌എസ്‌എൻ‌എല്ലിന് ലാഭം

 

ന്യൂഡൽഹി: ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഏകദേശം 280 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഏകദേശം 18 വർഷത്തിനിടെ ഇതാദ്യമായാണ് ബി‌എസ്‌എൻ‌എൽ തുടർച്ചയായി രണ്ട് പാദങ്ങളിൽ ലാഭം നേടുന്നത്. 4ജി സേവനം ആരംഭിക്കാനായത് മൊബൈൽ വിഭാഗത്തിൽ വരുമാനം വർധിപ്പിക്കുന്നതിന് ബിഎസ്എൻഎല്ലിനെ സഹായിച്ചിട്ടുണ്ട്. ഇതേ പാദത്തിൽ കമ്പനി 849 കോടി രൂപയുടെ നഷ്‍ടം രേഖപ്പെടുത്തിയതിന് ഒരു വർഷത്തിന് ശേഷമാണ് ഈ നേട്ടം. 2025 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം നേടിയിരുന്നു.

മുഴുവൻ സാമ്പത്തിക വർഷത്തിലെയും കമ്പനിയുടെ സഞ്ചിത നഷ്ടം ഇപ്പോൾ 2,247 കോടി രൂപയായി കുത്തനെ കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5,370 കോടി രൂപയായിരുന്നു. പ്രൊഫഷണൽ മാനേജ്‌മെൻറ്, സർക്കാർ പിന്തുണ, ഉന്നതരിലും താഴേത്തട്ടിലുമുള്ള നിരന്തരമായ ശ്രദ്ധ എന്നിവയാണ് ബിഎസ്‌എൻഎൽ പ്രകടനത്തിന് കാരണമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി പറഞ്ഞു. കമ്പനി ചെലവ് അച്ചടക്കത്തിലും 4ജി, 5ജി വിന്യാസങ്ങൾ ത്വരിതപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അച്ചടക്കമുള്ള ചെലവ് നിയന്ത്രണവും പ്രവർത്തന കാര്യക്ഷമതയുമാണ് തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന കാരണമെന്ന് ബിഎസ്എൻഎൽ പ്രസ്താവിച്ചു.