ബജാജ് ഗ്രൂപ്പ് 100-ാം വാർഷികം; രാഷ്ട്രനിർമ്മാണത്തിലെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ഇന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ബജാജ് ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനത്തിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു. മുംബൈയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൂപ്പിന് ആശംസകൾ നേർന്നു.
മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ബജാജ് ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനത്തിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു. മുംബൈയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൂപ്പിന് ആശംസകൾ നേർന്നു. സ്വാതന്ത്ര്യസമരം മുതൽ ഇന്ത്യയുടെ ആഗോള സാമ്പത്തിക വളർച്ച വരെയുള്ള യാത്രയിൽ ബജാജ് ഗ്രൂപ്പ് വഹിച്ച പങ്ക് വലുതാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന് ബജാജിനെപ്പോലെയുള്ള സ്ഥാപനങ്ങളുടെ അനുഭവം മുതൽക്കൂട്ടാണെന്നും പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ പറഞ്ഞു.
1926-ൽ മഹാത്മാഗാന്ധിയുടെ അഞ്ചാമത്തെ ദത്തുപുത്രനായി അറിയപ്പെടുന്ന ജംനാലാൽ ബജാജ് മുംബൈയിൽ തുടക്കം കുറിച്ച ഗ്രൂപ്പ്, ഇന്ന് 148 ബില്യൺ ഡോളർ വിപണി മൂല്യമുള്ള പടുകൂറ്റൻ സംരംഭമായി വളർന്നിരിക്കുകയാണ്.
ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസ്, കൺസ്യൂമർ ഇലക്ട്രിക്കൽസ് തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ബജാജ് ഗ്രൂപ്പ് ഇന്ത്യയിലെ മൂന്നിലൊന്ന് വീടുകളിലും തങ്ങളുടെ സേവനം എത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ജീവനക്കാരുള്ള ഗ്രൂപ്പ് നൂറിലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. വാർഷികാഘോഷ ചടങ്ങിൽ ബജാജ് ഓട്ടോ ചെയർമാൻ നീരജ് ബജാജ്, ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ്, ബജാജ് ഫിൻസെർവ് ചെയർമാൻ സഞ്ജീവ് ബജാജ്, ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജ് എന്നിവർ സംസാരിച്ചു. ലാഭത്തേക്കാളുപരി സമൂഹത്തിൻ്റെ പുരോഗതിക്ക് മുൻഗണന നൽകിയ സ്ഥാപകൻ്റെ മൂല്യങ്ങൾ വരും തലമുറകളിലും തുടരുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംവിധായകൻ രാജ്‌കുമാർ ഹിറാനി ഒരുക്കിയ 'കഥ്‌നി കർണി എക്‌സി' എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിൻ്റെ സംഗീത വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. 'ബജാജ് ബിയോണ്ട്' എന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി യുവാക്കളെ ശാക്തീകരിക്കുകയാണ് ഗ്രൂപ്പിൻ്റെ ലക്ഷ്യം.ആരോഗ്യരംഗത്തേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന ബജാജ് ഗ്രൂപ്പ്, നൂറാം വർഷത്തിൻ്റെ സ്മരണയ്ക്കായി പുതിയ ലോഗോയും പുറത്തിറക്കി. വ്യവസായ പ്രമുഖരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മുംബൈ എൻഎസ്‌സിഐയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.