ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ കനത്ത നഷ്ടത്തിൽ
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ കനത്ത നഷ്ടത്തിൽ. ഡിസംബർ 16ലെ വ്യാപാരത്തിൽ നാല് ശതമാനത്തിലധികമാണ് ആക്‌സിസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞത്. ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് വിൽപ്പന സമ്മർദ്ദത്തിലേക്ക് വഴിവെച്ചത്. ബാങ്കിന്റെ അറ്റ പലിശ മാർജിൻ പ്രതീക്ഷിച്ച വേഗത്തിൽ മെച്ചപ്പെടില്ലെന്ന സൂചനയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്.
ലാഭക്ഷമതയുടെ പ്രധാന അളവുകോലായ നെറ്റ് ഇന്ററസ്റ്റ് മാർജിൻ മെച്ചപ്പെടാൻ ഇനിയും രണ്ട് ത്രൈമാസങ്ങൾ കൂടി വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എൻ.ഐ.എം മെച്ചപ്പെടുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇതിനായി നാലാം പാദം വരെയോ അടുത്ത സാമ്പത്തിക വർഷത്തിലെ (2026 - 27) ആദ്യ പാദം വരെയോ കാത്തിരിക്കണം. ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാൻ തുടങ്ങി. പിന്നാലെ വില കുത്തനെ ഇടിഞ്ഞു.