വാഹനവായ്‌പ സൗകര്യം; ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ടാറ്റ മോട്ടോഴ്സും ധാരണാപത്രം ഒപ്പുവെച്ചു
തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുഖേന വാണിജ്യ വാഹനങ്ങൾക്ക് ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ
കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുഖേന വാണിജ്യ വാഹനങ്ങൾക്ക് ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഒപ്പുവെച്ചു. ടാറ്റയുടെ ചെറുതും, ഭാരം കുറഞ്ഞതുമായ വാണിജ്യ വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇസാഫ് ബാങ്കിലൂടെ ഫിനാൻസ് സൗകര്യം ലഭിക്കുക.
കാലക്രമേണ, ടാറ്റ നിർമിക്കുന്ന മുഴുവൻ വാണിജ്യ വാഹനങ്ങൾക്കും ഫിനാൻസിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു. സംരംഭകത്വ ശാക്തീകരണം എന്ന, ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ് ടാറ്റ മോട്ടോഴ്‌സുമായുള്ള പരസ്പര സഹകരണമെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് കുമാർ തംത പറഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾക്ക് ഫിനാൻസിംഗ്നൽകുന്നത് ബാങ്കിന്റെ വാഹനവായ്പ ബിസിനസിനെ വിപുലീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഫിനാൻസിംഗ് സേവനം ലഭ്യമാക്കുകയാണ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന വിഭാഗം ബിസിനസ് ഹെഡും വൈസ് പ്രസിഡന്റുമായ വിനയ് പഥക് പറഞ്ഞു. ലളിതവും സൗകര്യപ്രദവുമായ ഫിനാൻസിംഗ് സേവനം ലഭ്യമാക്കികൊണ്ട് ഉപോഭക്താക്കളുടെ വാഹനമെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുകയും അതുവഴി ജീവിത നിലവാരത്തെ ഉയർത്തുന്ന പരസ്പര സഹകരണമാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.