നഗരപ്രദേശങ്ങളിലെ പത്തിൽ ഏഴ് ഇന്ത്യക്കാരും നേരത്തെ ജോലിയിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നതായി ആക്സിസ് മാക്സ് ലൈഫിന്റെ പഠനം

സാമ്പത്തികമായി സുരക്ഷിതമെങ്കിൽ നഗരപ്രദേശങ്ങളിലെ പത്തിൽ ഏഴ് ഇന്ത്യക്കാരും പരമ്പരാഗത പ്രായത്തിന് മുമ്പ് ജോലിയിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതായി ആക്‌സിസ് മാക്‌സ് ലൈഫിന്റെ 'ഭറോസ ടോക്‌സ് ഐറിസ് 6.0' പഠനം

 

കൊച്ചി: സാമ്പത്തികമായി സുരക്ഷിതമെങ്കിൽ നഗരപ്രദേശങ്ങളിലെ പത്തിൽ ഏഴ് ഇന്ത്യക്കാരും പരമ്പരാഗത പ്രായത്തിന് മുമ്പ് ജോലിയിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നതായി ആക്‌സിസ് മാക്‌സ് ലൈഫിന്റെ 'ഭറോസ ടോക്‌സ് ഐറിസ് 6.0' പഠനം. ഇതിൽ പകുതിപ്പേരും സാമ്പത്തിക സ്വാതന്ത്രം നേടി 50 വയസ്സിന് മുമ്പ് വിരമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാന്ററുമായി ചേർന്ന് നടത്തിയ ഇന്ത്യ റിട്ടയർമെന്റ് സ്റ്റഡി ഇൻഡക്‌സ് വ്യക്തമാക്കുന്നു.

അതേസമയം, സ്ഥിരവരുമാനം ആവശ്യമായി വരുമെന്നതിനാൽ തങ്ങൾക്ക് ഒരിക്കലും ജോലിയിൽ നിന്ന് വിരമിക്കാൻ കഴിയില്ലെന്ന് 45 വയസ്സിന് മുകളിലുള്ള 'ജെൻ എക്‌സ്+' വിഭാഗത്തിലെ 82 ശതമാനം പേരും ആശങ്കപ്പെടുന്നു. ഇതേ വിഭാഗത്തിലെ 91 ശതമാനം പേരും നേരത്തെ നിക്ഷേപം തുടങ്ങാത്തതിൽ ഖേദിക്കുന്നവരാണ്. നഗരവാസികൾ ലക്ഷ്യമിട്ട വിരമിക്കൽ സമ്പാദ്യത്തിന്റെ 28 ശതമാനം മാത്രമാണ് ഇതുവരെ സ്വരൂപിച്ചിട്ടുള്ളത്.

മറുവശത്ത്, യുവതലമുറ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. 'ജെൻ ഇസഡ്' വിഭാഗത്തിൽപ്പെട്ട 62 ശതമാനം പേരും ഇതിനകം വിരമിക്കലിനായുള്ള നിക്ഷേപം ആരംഭിച്ചുകഴിഞ്ഞു. ആദ്യ ശമ്പളം ലഭിക്കുമ്പോൾ തന്നെ ആസൂത്രണം തുടങ്ങണമെന്നാണ് ഇവരുടെ പൊതുവായ അഭിപ്രായം.സുഖകരമായി വിരമിക്കാൻ ഒരു കോടി രൂപ മതിയാകുമെന്ന വിശ്വാസം 77 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ, മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ-2 നഗരങ്ങളിലും വിരമിക്കൽ തയ്യാറെടുപ്പുകൾ സജീവമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു