ഇന്‍സ്റ്റാമാര്‍ട്ടിനെ ഏറ്റെടുക്കുന്നതിനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് ആമസോണ്‍
ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്സ് സംരംഭമായ ഇന്‍സ്റ്റാമാര്‍ട്ടിനെ ഏറ്റെടുക്കുന്നതിനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് ആമസോണ്‍. കഴിഞ്ഞ വര്‍ഷം സ്വിഗ്ഗിയുമായി സമാനമായ ഇടപാടിന് ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ലിപ്പ്കാര്‍ട്ട് ശ്രമിച്ചിരുന്നുവെങ്കിലും മൂല്യനിര്‍ണ്ണയത്തിലെ തര്‍ക്കം കാരണം ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
ഇന്ത്യയില്‍ ക്വിക്ക് കൊമേഴ്സ് സംരംഭം തുടങ്ങുന്നതിന് ശ്രമിച്ചുവരുന്ന ആമസോണിന് പുതിയ കമ്പനി തുടങ്ങുന്നതിനുള്ള നിയമ നടപടികളുടെ സങ്കീര്‍ണത പരിഗണിച്ചാണ് ഇന്‍സ്റ്റാമാര്‍ട്ടിനെ ഏറ്റെടുക്കുന്നതിനുള്ള ശ്രമം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ്. പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. കമ്പനിയുടെ കുറച്ച് ഓഹരികള്‍ മാത്രമായി ആമസോണ്‍ വാങ്ങാനും സാധ്യതയില്ല. സാധാരണയായി ഒരു കമ്പനിയുടെ ന്യൂനപക്ഷ ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കാറില്ല. നിലവിലെ രൂപത്തിലുള്ള ഇടപാടിന്റെ സങ്കീര്‍ണ്ണമായ ഘടന കണക്കിലെടുത്ത് ഉടനെ ഈ ഇടപാടില്‍ ഒരു അന്തിമ തീരുമാനം ഉണ്ടായേക്കില്ല.
ഈ വര്‍ഷം ഐപിഒ നടത്തുന്നതിനുള്ള ശ്രമത്തിലാണ് സ്വിഗ്ഗി. ഓഹരി വില്‍പനയിലൂടെ 10,400 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗിയുടെ ശ്രമം. സ്വിഗ്ഗിയുടെ സഹസ്ഥാപകരായ ശ്രീഹര്‍ഷ മജെറ്റി, നന്ദന്‍ റെഡ്ഡി, രാഹുല്‍ ജയ്മിനി എന്നിവര്‍ക്ക് യഥാക്രമം 4%, 1.6%, 1.2% ഓഹരികള്‍ സ്വിഗ്ഗിയില്‍ ഉണ്ട്. 33% ഓഹരിയുള്ള ഡച്ച്-ലിസ്റ്റഡ് കമ്പനിയായ പ്രോസസാണ് സ്വിഗ്ഗിയുടെ മുന്‍നിര നിക്ഷേപകര്‍. സോഫ്റ്റ്ബാങ്ക്, ഇ.ടി. ടെന്‍സെന്റ്, ആക്സല്‍, എലിവേഷന്‍ ക്യാപിറ്റല്‍, എന്നിവയാണ് മറ്റ് ഓഹരി ഉടമകള്‍. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തന വരുമാനം 8,265 കോടി രൂപയായിരുന്നു .