ആമസോൺ ബിസിനസിന് ഇന്ത്യയിൽ മികച്ച നേട്ടം
ആമസോൺ ഇന്ത്യയുടെ ബിസിനസ്-ടു-ബിസിനസ് പ്ലാറ്റ്‌ഫോമായ ‘ആമസോൺ ബിസിനസ്’ 2025-ൽ മികച്ച നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് വാർഷിക വിൽപനയിൽ 35 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ആമസോൺ ബിസിനസ് ഡയറക്ടർ മിത്രഞ്ജൻ ഭാദുരി അറിയിച്ചു. ആഗോളതലത്തിൽ കമ്പനിയുടെ വാർഷിക വിൽപന 35 ബില്യൺ അമേരിക്കൻ ഡോളർ പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നാണ് പ്ലാറ്റ്‌ഫോമിന് വലിയ തോതിൽ സ്വീകാര്യത ലഭിക്കുന്നത്. നിലവിൽ ആമസോൺ ബിസിനസ് ഉപഭോക്താക്കളിൽ 70 ശതമാനത്തിലധികം പേരും ഇത്തരം ചെറുകിട നഗരങ്ങളിൽ നിന്നുള്ളവരാണ്. 17 ലക്ഷത്തിലധികം വിൽപ്പനക്കാരിൽ നിന്നായി 19 കോടിയിലധികം ഉൽപ്പന്നങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ബിസിനസ് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നത്.
2025-ൽ ഇന്ത്യൻ ബിസിനസുകൾക്ക് ഏകദേശം 2,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം നൽകാൻ തങ്ങൾക്ക് സാധിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. കിഴിവുകൾ, ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയിലൂടെയാണ് ഈ ലാഭം ഉപഭോക്താക്കളിലേക്ക് എത്തിയത്. സേവന മേഖലയിലുള്ള കമ്പനികളും നിർമ്മാണ കമ്പനികളുമാണ് ആമസോൺ ബിസിനസിന്റെ പ്രധാന ഉപഭോക്താക്കൾ. ഐടി ഉപകരണങ്ങൾ, ഓഫീസ് സപ്ലൈസ്, വ്യാവസായിക ഉപകരണങ്ങൾ എന്നിവയ്ക്കാണ് പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
ബൾക്ക് ഓർഡറുകൾക്ക് പ്രത്യേക വിലക്കിഴിവ് നൽകുന്നതാണ് ആമസോൺ ബിസിനസിനെ ആകർഷകമാക്കുന്നത്. ആമസോൺ ഇന്ത്യയുടെ സാധാരണ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും, ബിസിനസ് ഉപഭോക്താക്കൾക്കായി പ്രത്യേക ലോഗിൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐടി പെരിഫറലുകൾ, പിസികൾ തുടങ്ങിയ വിഭാഗങ്ങളിൽ വരും വർഷങ്ങളിലും ശക്തമായ വളർച്ച തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.