യാത്രക്കാർക്ക് ആകർഷ ഓഫർ ; 6510 രൂപ മുതൽ വിദേശയാത്രാ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: വിമാനയാത്രക്കാർക്കായി ആകർഷകമായ നിരക്കിളവുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വമ്പൻ ഓഫർ. ‘എക്സസ്പ്രസ് മോർ സെയിൽ' (Xpress More Sale) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന സെയിൽ പ്രകാരം ആഭ്യന്തര യാത്രകൾക്ക് 1550 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6510 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഇക്കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 20 ശതമാനം വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ (airindiaexpress.com) വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല. യാത്രക്കാർക്ക് ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്.
എക്സ്പ്രസ് ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആവശ്യമുണ്ടെങ്കിൽ ആഭ്യന്തര യാത്രകൾക്ക് 1500 രൂപയും അന്താരാഷ്ട്ര യാത്രകൾക്ക് 2500 രൂപയും നൽകിയാൽ മതിയാകും. ന്യൂപാസ് (NeuPass) അംഗങ്ങൾക്ക് ബിസിനസ് ക്ലാസിന് സമാനമായ 'ബിസ്' (Biz) സീറ്റുകളിൽ 25 ശതമാനം വരെ അധിക കിഴിവും ലഭിക്കും.
മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിക്കുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 45 നഗരങ്ങളിലേക്കും ഗൾഫ് ഉൾപ്പെടെയുള്ള 17 വിദേശ രാജ്യങ്ങളിലേക്കുമായി പ്രതിദിനം അഞ്ഞൂറിലധികം സർവീസുകളാണ് കമ്പനി നടത്തുന്നത്.