എയര്‍ ഇന്ത്യയെ സമയക്രമം പാലിക്കുന്ന കാര്യത്തില്‍ മുന്നിലെത്തിച്ച് ടാറ്റ

സര്‍ക്കാരിന് കീഴിലായിരുന്നപ്പോള്‍ കൃത്യസമയം പാലിക്കുന്ന കാര്യത്തില്‍ എന്നും വിമര്‍ശനം നേരിട്ടതില്‍ നിന്നാണ് വന്‍ മാറ്റം.
 

ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ എയര്‍ ഇന്ത്യയെ സമയക്രമം പാലിക്കുന്ന കാര്യത്തില്‍ മുന്നിലെത്തിച്ചിരിക്കുകയാണ് ടാറ്റ. സര്‍ക്കാരിന് കീഴിലായിരുന്നപ്പോള്‍ കൃത്യസമയം പാലിക്കുന്ന കാര്യത്തില്‍ എന്നും വിമര്‍ശനം നേരിട്ടതില്‍ നിന്നാണ് വന്‍ മാറ്റം.  ഡിജിസിഎ പുറത്തുവിടുന്ന പ്രതിമാസ ഓണ്‍ ടൈം പെര്‍ഫോമന്‍സ് കണക്കില്‍ ഏറ്റവും താഴത്തായിരുന്നു മുന്‍പ് എയര്‍ ഇന്ത്യ.
2022 ഒക്ടോബര്‍ മാസത്തെ കണക്കില്‍ ടാറ്റ കമ്പനിയുടെ കീഴിലുള്ള മൂന്ന് വിമാനക്കമ്പനികളാണ് ആദ്യ മൂന്ന് സ്ഥാനത്തെത്തിയത്. എയര്‍ ഇന്ത്യ 90.8 ശതമാനം സമയ നിഷ്ഠ പാലിച്ച് ഒന്നാമതെത്തി. വിസ്താരയും എയര്‍ ഏഷ്യയും 89.1 ശതമാനം സമയക്രമം പാലിച്ച് രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു കാലത്ത് ഈ കണക്കില്‍ മുന്നിലായിരുന്ന ഇന്റിഗോ എയര്‍ലൈന്‍സ്, 87.5 ശതമാനം സമയ നിഷ്ഠ പാലിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ടാറ്റയുടെ നാലാമത്തെ എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അന്താരാഷ്ട്ര സര്‍വീസുകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
നിശ്ചയിച്ച സമയം കഴിഞ്ഞ് 15 മിനിറ്റില്‍ പുറപ്പെടുന്ന സര്‍വീസുകളെയാണ് സമയക്രമം പാലിക്കുന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുക.