സൗദിയില്‍ നിന്നുള്ള വിദേശ പണമിടപാടില്‍ ഇടിവ്

 

സൗദിയില്‍ നിന്നും വിദേശികള്‍ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവ്. നടപ്പുവര്‍ഷത്തെ ആദ്യ ആറുമാസങ്ങളിലെ പണമിടപാടിലാണ് കുറവ് രേഖപ്പെടുത്തിയത്. മുന്‍ വഷത്തെ ഇതേ കാലയളവിനെ അപക്ഷിച്ച് പൂജ്യം ദശാശം രണ്ട് ശതമാനത്തിന്റെ കുറവാണുണ്ടായത്.

കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറു മാസത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയില്‍ വിദേശികള്‍ അയച്ച പണം 0.2 ശതമാനം തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ വിദേശികള്‍ 7670 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചിരുന്നത്. ഇതിനേക്കാള്‍ പത്ത് കോടി കുറവാണ് ഈ വര്‍ഷത്തെ പണമിടപാടി. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ വിദേശികള്‍ അയച്ച പണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി രണ്ടാം മാസമാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. ബാങ്ക്, മണി ട്രാന്‍സ്ഫര്‍ എക്‌സ്‌ചേഞ്ചുകള്‍ എന്നിവ മുഖേന അയച്ച കണക്കുകളാണ് ഓരോ മാസവും സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിടാറുള്ളത്. ഇതിനിടെ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ വിദേശത്തേക്കയക്കുന്ന പണത്തില്‍ വര്‍ധനവുണ്ടായി. തുടര്‍ച്ചയായി 16 മാസമായി ഈ വര്‍ധന തുടരുകയാണ്.