അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി എച്ച്‌പി

 

ബെംഗളൂരു: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി (എച്ച്‌പി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10 ശതമാനം ജീവനക്കാരെ കമ്പനി ഉടനെ പിരിച്ചുവിട്ടേക്കും. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പേഴ്‌സണൽ കംപ്യൂട്ടർ വിപണിയിലെ തുടർച്ചയായ ഇടിവ് എച്ച്‌പിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

ചെലവ് നിയന്ത്രിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എച്ച്പിയുടെ മൊത്തം വരുന്ന 61000  ജീവനക്കാരിൽ നിന്നും 10  ശതമാനം പേരെയാണ് കമ്പനി പുറത്താക്കും എന്ന് എച്ച്‌പിയുടെ സിഇഒ എൻറിക് ലോറസ് പറഞ്ഞു. കമ്പനിയുടെ പുനർനിർമ്മാണച്ചെലവ് ഏകദേശം ഒരു ബില്യൺ ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോറസ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വിപണി അന്തരീക്ഷമാണ് കമ്പനി നേരിടുന്നത് എന്നും ഈ സാമ്പത്തിക വർഷത്തിൽ കമ്പ്യൂട്ടർ വിൽപ്പനയിൽ 10 ശതമാനം കുറവ് ഉണ്ടായേക്കും എന്നും ലോറസ് പറഞ്ഞു.

കനിയുടെ വരുമാനത്തിൽ മൂന്നാം പാദത്തിൽ ഏകദേശം 20  ശതമാനം ഇടിവുണ്ടായി. 1990-കളുടെ മധ്യത്തിൽ ഗാർട്ട്നർ ഇൻക് ഡാറ്റ ട്രാക്ക് ചെയ്യാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. പേർസണൽ കംപ്യുട്ടറുകളുടെ വില്പനയിലൂടെയാണ് വരുമാനത്തിന്റെ 50  ശതമാനവും കമ്പനി കണ്ടെത്തുന്നത്.

ആഗോള വിപണി സാഹചര്യം മോശമായതിനാൽ പ്രധാന ഐടി കമ്പനികൾ തങ്ങളുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. മെറ്റയും ആമസോണും  ഏകദേശം 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ട്വിറ്റർ പകുതിയിൽ ഏറെയും തൊഴിലാളികളെയും പുറത്താക്കി. സിസ്‌കോ സിസ്റ്റംസ് ഇൻ‌കോർപ്പറേറ്റ് കഴിഞ്ഞയാഴ്ച പിരിച്ചുവിടലിലേക്ക് എത്തി. ഹാർഡ് ഡ്രൈവ് നിർമ്മാതാക്കളായ സീഗേറ്റ് ടെക്‌നോളജി ഹോൾഡിംഗ്സ് പിഎൽസി. ഏകദേശം 3,000 തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടുണ്ട്.