ജൂണിൽ വാഹനവിൽപ്പന റെക്കോർഡിൽ; പാസഞ്ചർ വാഹനങ്ങളിൽ ബദൽ ഇന്ധന വിഹിതം 40% കടന്നു

രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പന ജൂണിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ). ജൂണിൽ ആകെ 25.57 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21.83 ശതമാനം വർധനയാണ്

 


ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയിൽ വിൽപ്പന ജൂണിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ). ജൂണിൽ ആകെ 25.57 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21.83 ശതമാനം വർധനയാണ്. ഇരുചക്ര, മുച്ചക്ര, പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലും ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

പാസഞ്ചർ വാഹനങ്ങളിൽ സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന ബദൽ ഇന്ധന മോഡലുകളുടെ വിഹിതം ആദ്യമായി 40.35 ശതമാനത്തിലെത്തി. ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് വാഹന വിഹിതവും ആദ്യമായി 10 ശതമാനം കടന്ന് 10.6 ശതമാനമായി. വരും മാസങ്ങളിൽ മൺസൂൺ പുരോഗതി, ഖാരിഫ് കൃഷി, ഉത്സവകാല ആവശ്യകത എന്നിവ വാഹനവിപണിക്ക് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ.