യൂറോപ്പിലെ മിസാനോയിൽ അരങ്ങേറ്റം കുറിച്ച് ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ്

മുൻനിര ഇരുചക്ര വാഹന നിർമ്മാണ കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി 2026-ലെ ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിന് ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ തുടക്കം കുറിച്ചു

 

 കൊച്ചി: മുൻനിര ഇരുചക്ര വാഹന നിർമ്മാണ കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി 2026-ലെ ടിവിഎസ് റേസിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിന് ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ തുടക്കം കുറിച്ചു. ഒക്ടോബർ രണ്ട് മുതൽ നാല് വരെ നടന്ന ഈ യൂറോപ്യൻ അരങ്ങേറ്റം കമ്പനിയുടെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

 നാല് ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും വേഗതയേറിയ 14 റേസർമാരാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ആധുനിക സാങ്കേതികവിദ്യകളുള്ള ടിവിഎസ് അപ്പാച്ചെ ആർആർ 310 റേസ്-സ്പെക് ബൈക്കുകളിലാണ് ഇവർ മത്സരിച്ചത്. മലേഷ്യ, തായ്‌ലൻഡ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ അഞ്ച് റൗണ്ടുകളിലായി വിജയകരമായി സംഘടിപ്പിച്ചതിന് ശേഷമാണ് ടിവിഎസ് റേസിംഗ് ഇപ്പോൾ യൂറോപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. 90-ലധികം അന്താരാഷ്ട്ര വിപണികളിൽ സാന്നിധ്യമുള്ള ടിവിഎസ്, തങ്ങളുടെ ഉൽപ്പന്നങ്ങളുടെ മികവിലൂടെ ആഗോളതലത്തിൽ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ്.

 ടിവിഎസ് മോട്ടോറിന്റെ ഇരുചക്ര വാഹന ശ്രേണിയുടെ അന്താരാഷ്ട്ര വളർച്ചയുടെ ഭാഗമാണ് ടിവിഎസ് റേസിങ്ങിന്റെ ഈ ആഗോളവത്കരണം. ടിആർഐസി പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതിനൊപ്പം ടിവിഎസ് അപ്പാച്ചെ ശ്രേണിയും ആഗോളതലത്തിൽ കൂടുതൽ സാന്നിധ്യം ശക്തമാക്കുകയാണ്. അപ്പാച്ചെ ശ്രേണിക്ക് ലോകമെമ്പാടുമായി 70 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നിലവിലുള്ളത്.