ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂൾ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും : മന്ത്രി ഗണേഷ് കുമാർ

 

തിരുവനന്തപുരം : ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂൾ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സ്‌കൂൾ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനൽകിയിരുന്നതാണ്. എന്നാൽ, ആ പരിധിയും കഴിഞ്ഞിട്ടും ക്യാമറ സ്ഥാപിക്കാൻ പല ബസുകളും തയ്യാറായിട്ടില്ല.  ഇനിയും ക്യാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സ്‌കൂൾ വാഹനങ്ങളിൽ ക്യാമറ ഘടിപ്പിച്ചുണ്ടോയെന്ന പരിശോധന ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

എട്ട് സീറ്റുകൾക്ക് മുകളിലുള്ള എല്ലാ വാഹനത്തിലും ക്യാമറകൾ ഘടിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്‌കൂൾ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകിയത്. രക്ഷിതാക്കളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂൾ ബസുകളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണം. ഇത് ഉദ്യോഗസ്ഥർക്കുള്ള നിർദേശമായി കൂടി കണക്കാക്കണം.
ക്യാമറകൾ സ്ഥാപിക്കാത്ത വാഹനങ്ങൾ പിടിച്ചെടുത്ത് കനത്ത പിഴ ഈടാക്കും. ക്യാമറകൾ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവർക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിർദേശം വന്നയുടൻ തന്നെ ഞാൻ മാനേജ്മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

2025 ജനുവരി മുതലുള്ള കണക്കുകൾ പരിശോധിച്ചതിൽ നിന്ന് ഓരോ മാസവും സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽ പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചിലതിൽ മരണങ്ങളും സംഭവിച്ചു. സ്‌കൂൾ ബസ് അപകടത്തിൽ കുട്ടികൾ മരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. കുട്ടികൾക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.