പൂനെയിൽ നിന്നും പ്രാഗിലെത്തി കൈലാഖ്; താണ്ടിയത് 19,351 കിലോമീറ്റർ ദൂരം
സ്‌കോഡ ഓട്ടോയുടെ ഇന്ത്യൻ നിർമ്മിത കോമ്പാക്ട് എസ് യു വിയായ കൈലാഖ് പൂനെയിൽ നിന്നും 19,351 കിലോമീറ്റർ ഡ്രൈവ് ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെത്തി
തിരുവനന്തപുരം: സ്‌കോഡ ഓട്ടോയുടെ ഇന്ത്യൻ നിർമ്മിത കോമ്പാക്ട് എസ് യു വിയായ കൈലാഖ് പൂനെയിൽ നിന്നും 19,351 കിലോമീറ്റർ ഡ്രൈവ് ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെത്തി. ഒരു ഇന്ത്യൻ നിർമ്മിത പാസഞ്ചർ വാഹനം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയാണിത്.
പൂനെയിലെ സ്‌കോഡ വാഹന നിർമ്മാണ യൂണിറ്റിൽനിന്നും യാത്ര തിരിച്ച കൈലാഖ് 70 ദിവസം കൊണ്ടാണ് ചെക്കിലെ പ്രാഗിൽ എത്തിയത്. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ എസ് യു വിയായ കൈലാഖ് ജന്മരാജ്യത്തുന്നും ആഗോള ബ്രാൻഡിന്റെ മാതൃരാജ്യത്തിലേക്ക് നടത്തിയ യാത്രയാണിത്.
ആഗോള വേദിയിൽ ഇന്ത്യൻ എഞ്ചിനീയറിങ്ങും മാനുഫാക്ചറിങ്ങും നടത്തിയ ശക്തിപ്രകടനമാണിതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായ ആശിഷ് ഗുപ്ത കൈലാഖിന്റെ യാത്രയെക്കുറിച്ച് പറഞ്ഞു.
കൈലാഖ് ഈ 19,351 കിലോമീറ്റർ യാത്രയിൽ 13 രാജ്യങ്ങളിലെ എണ്ണമറ്റ ഡ്രൈവിങ് അവസ്ഥകളിലൂടെ യാത്ര ചെയ്തു. ഇന്ത്യൻ നിർമ്മിത കൈലാഖ് അതിന്റെ എഞ്ചിനീയറിങ് മികവ് യഥാർത്ഥ-ലോകത്തിലെ അനുഭവങ്ങളിലൂടെ പ്രകടമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ യാത്ര സ്‌കോഡ ഓട്ടോയുടെ ആഗോള ഭാവിയെ രൂപീകരിക്കുന്നതിൽ ഇന്ത്യയുടെ വളരുന്ന പങ്കിനെ വീണ്ടും ഉറപ്പിക്കുക മാത്രമല്ല ഇന്ത്യയിൽ ലോകോത്തര ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിലുള്ള തങ്ങളുടെ ആത്മവിശ്വാസത്തേയും അത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൂനെയിൽ നിന്നും മുംബൈ, വഡോദര, ഉദയ്പൂർ, ജയ്പൂർ, ആഗ്ര, ലഖ്‌നൗ വഴി എസ് യു വി ഗൊരഖ്പൂരിൽ വച്ച് ഇന്ത്യയുടെ അതിർത്തി കടന്ന് നേപ്പാളിലേക്ക് പ്രവേശിച്ചു.
പർവ്വത റോഡുകളും കടന്ന് എസ് യു വി ഉയർന്ന പ്രദേശങ്ങളിലെ പീഠഭൂമികളിലൂടെ യാത്ര തുടർന്നു. നേപ്പാളും ടിബറ്റൻ പീഠഭൂമിയും പിന്നിട്ട് പുരാതന സിൽക്ക് പാതയിലൂടെ കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്താൻ, കസഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലും കൈലാഖ് സഞ്ചരിച്ചു. തുർക്കി വഴി യൂറോപ്പിലേക്ക് പ്രവേശിച്ചു. തുടർന്ന് ബൾഗേറിയ, റൊമാനിയ, ഹംഗറി, സ്ലോവാക്യ രാജ്യങ്ങളും കടന്ന് പ്രാഗിലെത്തി. രണ്ട് ഭൂഖണ്ഡങ്ങളിലൂടെ 70 ദിവസം കൊണ്ട് 13 രാജ്യങ്ങളിൽ കൈലാഖ് യാത്ര നടത്തി. സ്‌കോഡ ഓട്ടോയുടെ അന്തസത്തയായ ലെറ്റ്‌സ് എക്‌സ്‌പ്ലോർ എന്ന വരികൾക്ക് സാധൂകരണം നൽകുന്ന യാത്രയായിരുന്നു അത്.
കൈലാഖ് സമുദ്രനിരപ്പിൽനിന്നും താഴെ 154 മീറ്റർ മുതൽ സമുദ്രനിരപ്പിനും മുകളിൽ 5,364 മീറ്റർ ഉയരം വരെയും താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയുള്ള പ്രദേശങ്ങളിലും യാത്ര ചെയ്തു. അസാധാരണമായ വൈവിധ്യമാർന്ന റോഡുകളും കാലാവസ്ഥകളും സംസ്‌കാരങ്ങളും ഭാഷകളും കൈലാഖ് അഭിമുഖീകരിച്ചു.
വാഹനത്തിന്റെ ശേഷിക്കൊപ്പം സ്ഥിരതയും ആവശ്യമായ യാത്രയായിരുന്നു അത്. വ്യത്യസ്തമായ യാത്ര സാഹചര്യങ്ങളിൽ ഓരോ കിലോമീറ്ററും കൈലാഖിന്റെ എഞ്ചിനീയറിങ്, ഡ്യൂറബിലിറ്റി, ഓരോ ദിനവും ആശ്രയിക്കാവുന്നത് പോലെയുള്ള ശേഷികൾ തെളിയിക്കപ്പെട്ടു.
ഇന്ത്യയിലേയും ചെക്ക് റിപ്പബ്ലിക്കിലേയും വിദഗ്ദ്ധർ ചേർന്ന് ഇന്ത്യയ്ക്കായി വികസിപ്പിച്ച, സ്‌കോഡ ഓട്ടോയുടെ നാല് മീറ്ററിൽ താഴെയുള്ള ആദ്യത്തെ എസ് യു വിയാണ് കൈലാഖ്.