സ്‌ക്കൂട്ട് വിമാനങ്ങൾ സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ തീമിൽ

സിംഗപ്പൂർ എയർലൈൻസിന്റെ ബജറ്റ് എയർലൈൻ സ്‌ക്കൂട്ടും സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേയുമായി കൈകോർക്കുന്നു.

 

തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസിന്റെ ബജറ്റ് എയർലൈൻ സ്‌ക്കൂട്ടും സോണി പിക്‌ചേഴ്‌സിന്റെ സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേയുമായി കൈകോർക്കുന്നു.

2026 സെപ്റ്റംബർ 13 വരെ, ഈ സൂപ്പർഹീറോ സ്‌ക്കൂട്ടിന്റെ എയർബസ് എ321നിയോ, ബോയിംഗ് 787 ഡ്രീംലൈനർ എന്നീ രണ്ട് വിമാനങ്ങളിൽ യാത്രക്കാർക്കൊപ്പം ഉണ്ടാകും. ഹ്രസ്വ-ഇടത്തരം-ദീർഘദൂര ഫ്‌ളൈറ്റുകളിലെല്ലാം സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ സവിശേഷ അനുഭവം ആസ്വദിക്കാൻ യാത്രക്കാർക്ക് ഇതിലൂടെ അവസരം ലഭിക്കും.

വിമാനത്തിൽ സ്‌പൈഡർ-മാൻ ചിത്രങ്ങളുള്ള ഡെക്കലുകളും പ്രത്യേക ഹെഡ്‌റെസ്റ്റ് കവറുകളും സജ്ജീകരിക്കുന്നതിനൊപ്പം സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേയിലെ സംഗീതവും പശ്ചാത്തലത്തിൽ ആസ്വദിക്കാം. കൂടാതെ യാത്രയിൽ വിമാനത്തിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് ഒരു ഫ്‌ളൈറ്റ് ടാഗ് അല്ലെങ്കിൽ മടക്കിവെക്കാവുന്ന ഇക്കോ ബാഗ് ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് മെർച്ചൻഡൈസുകൾ സമ്മാനമായി ലഭിക്കും.

ബോയിംഗ് 787 ഡ്രീംലൈനർ വിമാനം 2026 ജൂൺ 30-ന് ടോക്കിയോയിലേക്കും (ഹനേദ), എയർബസ് എ321നിയോ വിമാനം 2026 ജൂലൈ 1-ന് ചിയാങ് മായിലേക്കും ആദ്യ സർവീസ് നടത്തും. തുടർന്ന്, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ഈ രണ്ട് സ്‌പൈഡർ-മാൻ തീം വിമാനങ്ങളും സർവീസ് നടത്തും. എയർലൈനിന്റെ പതിവ് സർവീസുകളുടെ ഭാഗമായി മറ്റ് റൂട്ടുകളിലും ഈ വിമാനങ്ങൾ ഉപയോഗിച്ചേക്കാം. അതിനാൽ, ഈ പ്രത്യേക സർവീസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാർക്കും അപ്രതീക്ഷിതമായി സ്‌പൈഡർ-മാൻ വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കാം.  

സിംഗപ്പൂർ ചാംഗി എയർപോർട്ട് ടെർമിനൽ 1-ലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ നിന്നാണ് സ്‌കൂട്ടിനൊപ്പമുള്ള സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ യാത്ര ആരംഭിക്കുന്നത്.

സ്‌ക്കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം എന്നിവയിലൂടെ ഈ പ്രത്യേക തീം ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാം. ഈ വിമാനങ്ങളുടെ യാത്രാ സമയക്രമം സ്‌ക്കൂട്ടിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും