നികുതിയിളവിൽ വിൽപ്പന കുതിക്കുന്നു ;  ജനുവരിയിൽ പുറത്തിറക്കിയത് 4,55,000 കാറുകൾ, 

 

മുംബൈ: രാജ്യത്ത് കാർവിൽപ്പനയിൽ വൻ മുന്നേറ്റം. ജനുവരിയിൽ രാജ്യത്തെ വാഹനനിർമാണക്കമ്പനികൾ 4,55,000 കാറുകൾ പുറത്തിറക്കിയെന്നാണ് കണക്ക്. 2025 ജനുവരിയിലെ 4,04,000 വാഹനങ്ങളെ അപേക്ഷിച്ച് 12.6 ശതമാനമാണ് വർധന. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ചരക്ക്-സേവന നികുതി കുറച്ചതുമുതൽ രാജ്യത്ത്‌ കാർ വിൽപ്പനയിൽ വലിയ വർധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

ജനുവരിയിൽ മാരുതി സുസുക്കിയ്ക്ക് 2,75,000 ബുക്കിങ് രാജ്യവ്യാപകമായി ലഭിച്ചു. 1,74,529 വാഹനങ്ങൾ കമ്പനി പുറത്തെത്തിച്ചു. മുൻവർഷമിത് 1,73,599 എണ്ണമായിരുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ 9.5 ശതമാനമാണ് വർധന. ആകെ 59,107 വാഹനങ്ങൾ കമ്പനി പുറത്തെത്തിച്ചു. ജനുവരിയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്ന് കമ്പനി എം.ഡി. തരുൺ ഗാർഗ് പറഞ്ഞു. കയറ്റുമതിക്കൂടി ചേർത്ത് 73,137 വാഹനമാണ് കമ്പനി ജനുവരിയിൽ പുറത്തിറക്കിയത്.

കയറ്റുമതിയിൽ 20.9 ശതമാനമാണ് വർധന. ടാറ്റ മോട്ടോഴ്സ് ജനുവരിയിൽ 70,222 വാഹനങ്ങൾ പുറത്തിറക്കി. 2025 ജനുവരിയിൽ 48,076 എണ്ണത്തെ അപേക്ഷിച്ച് 46.1 ശതമാനമാണ് വർധന. മഹീന്ദ്രയ്ക്ക് 25.4 ശതമാനമാണ് വിൽപ്പന വളർച്ച. ആകെ 63,510 വാഹനങ്ങൾ കമ്പനി പുറത്തിറക്കി. മുൻവർഷമിത് 50,659 എണ്ണമായിരുന്നു. ടൊയോട്ട 30,630 വാഹനങ്ങളാണ് ജനുവരിയിൽ കൈമാറിയത്. മുൻവർഷത്തെ 26,178 എണ്ണത്തെ അപേക്ഷിച്ച് 17 ശതമാനമാണ് വളർച്ച.