എതിരാളികളെ തറപ്പറ്റിച്ച് റോയൽ എൻഫീൽഡ്; 2026-ൽ ചരിത്ര നേട്ടം! കയറ്റുമതിയിലും വമ്പൻ കുതിപ്പ്

ഐക്കണിക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡിന് 2026-ന്റെ തുടക്കത്തിലും ആവേശകരമായ മുന്നേറ്റം. ജനുവരി മാസത്തിൽ മികച്ച വിൽപ്പനയാണ് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ഐക്കണിക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡിന് 2026-ന്റെ തുടക്കത്തിലും ആവേശകരമായ മുന്നേറ്റം. ജനുവരി മാസത്തിൽ മികച്ച വിൽപ്പനയാണ് കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാമ്പത്തിക വർഷം ഇതിനകം തന്നെ പത്ത് ലക്ഷം യൂണിറ്റുകളുടെ വിൽപന പിന്നിട്ട കമ്പനി, കയറ്റുമതിയിൽ ഒരു ലക്ഷം എന്ന നാഴികക്കല്ലും ഇതിനോടകം മറികടന്നു. 350 സിസിയും അതിനു മുകളിലുമുള്ള പ്രീമിയം മോട്ടോർസൈക്കിളുകൾക്ക് വിപണിയിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് കമ്പനിയുടെ ഈ കുതിപ്പിന് കരുത്തേകുന്നത്.

പുതിയ ഗോവൻ ക്ലാസിക് 350-ന്റെ വിപണി പ്രവേശം റോയൽ എൻഫീൽഡിന്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഡിജിറ്റൽ മേഖലയിൽ പുതിയ ചുവടുവെപ്പുകളുമായി കമ്പനി സാന്നിധ്യം വിപുലീകരിച്ചു. പ്രമുഖ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ബിജിഎംഐയുമായി (BGMI) സഹകരിച്ച് ക്രാഫ്റ്റൺ ഇന്ത്യ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ വെർച്വൽ ലോകത്തും അവതരിപ്പിച്ചു. ബിജിഎംഐ 4.2 അപ്‌ഡേറ്റിന്റെ ഭാഗമായി ബുള്ളറ്റ് 350, കോണ്ടിനെന്റൽ ജിടി 650 എന്നീ മോഡലുകൾ ഇനി ഗെയിമിലും സഞ്ചരിക്കാവുന്ന വാഹനങ്ങളായി ലഭ്യമാകും.

വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ, 2026 ജനുവരിയിൽ ആകെ 1,04,322 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2025 ജനുവരിയിലെ 91,132 യൂണിറ്റുകളെ അപേക്ഷിച്ച് 14.47 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയാണിത്. ഏകദേശം 13,190 യൂണിറ്റുകളുടെ അധിക വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ കമ്പനി സ്വന്തമാക്കി. അതേസമയം, 2025 ഡിസംബറിലെ 1,03,574 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ 0.72 ശതമാനത്തിന്റെ നേരിയ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.