വിൽപ്പനയിൽ പുതിയ റെക്കോർഡുകളുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ
ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെൻസ് ഇന്ത്യ. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ 15,190 വാഹനങ്ങളാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വിറ്റത്.
കൊച്ചി: ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെൻസ് ഇന്ത്യ. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ 15,190 വാഹനങ്ങളാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 14,132 വാഹനങ്ങളെ അപേക്ഷിച്ച് ഏകദേശം എട്ട് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപ്പനയാണിത്.
2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ മാത്രം 5,422 വാഹനങ്ങളാണ് കമ്പനി വിറ്റത്. 2025ലെ മൂന്നാം പാദത്തിലെ 5,119 യൂണിറ്റുകളെ അപേക്ഷിച്ച് ആറ് ശതമാനം വളർച്ചയാണിത്. രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ 17 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഉത്സവകാല ഓഫറുകളും ആകർഷകമായ സാമ്പത്തിക പദ്ധതികളോടെ നടപ്പാക്കിയ ഡ്രീം ഡേയ്സ് കാമ്പയിനും ഈ വളർച്ചയ്ക്ക് കരുത്തേകി.
എസ്-ക്ലാസ്, മെഴ്‌സിഡസ്-മേബാക്ക്, ഇക്യുഎസ് മേബാക്ക് എസ്‌യുവി, ജി-ക്ലാസ്, വി-ക്ലാസ്, എഎംജി ശ്രേണി എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ഉയർന്ന മോഡൽ ആഡംബര കാറുകളുടെ വിൽപ്പന ജനുവരി-സെപ്റ്റംബർ കാലയളവിൽ 13 ശതമാനം വളർച്ച നേടി. മൊത്തം വിൽപ്പനയിൽ ഈ വിഭാഗത്തിന്റെ പങ്ക് 25 ശതമാനത്തിലധികമാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയും ജനുവരി-സെപ്റ്റംബർ കാലയളവിൽ 16 ശതമാനം വർധിച്ചു. പുതിയ സിഎൽഎ ബിഇവിക്ക് ലഭിച്ച വൻ സ്വീകാര്യതയും ഉയർന്ന നിലവാരത്തിലുള്ള ഇക്യുഎസ് എസ്‌യുവിക്കുള്ള തുടർച്ചയായ ആവശ്യകതയുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഇക്യുഎസ് മേബാക്ക് എസ്‌യുവിയുടെ വിൽപ്പനയിൽ 68 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി.
മെഴ്‌സിഡസ്-എഎംജി ശ്രേണിയും വിപണിയിൽ ശക്തമായ മുന്നേറ്റം തുടർന്നു. ജനുവരി-സെപ്റ്റംബർ കാലയളവിൽ എഎംജി വാഹനങ്ങളുടെ വിൽപ്പന 18 ശതമാനം ഉയർന്നു. പുതിയ എസ്-ക്ലാസ് ഇവി മോഡലിൻ്റെ ഡെലിവറി ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഉയർന്ന നിലവാരത്തിലുള്ള മാനുഫാക്ടൂർ പതിപ്പിന് വലിയ ആവശ്യകതയാണുള്ളത്. ഈ വർഷത്തേക്കുള്ള മുഴുവൻ വാഹനങ്ങളും ഇതിനകം വിറ്റുതീർന്നു. എക്സ്ക്ലൂസീവ് ലൈൻ പതിപ്പിൽ ഏതാനും വാഹനങ്ങൾ മാത്രമാണ് ഇനി ബുക്കിംഗിന് ലഭ്യമായിട്ടുള്ളത്.
2026 ജനുവരി-സെപ്റ്റംബർ കാലയളവിൽ മെഴ്‌സിഡസ് ബെൻസിന്റെ മൊത്തം വിൽപ്പനയുടെ 25 ശതമാനത്തിലധികവും ഉയർന്ന ആഡംബര വാഹനളാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയും രേഖപ്പെടുത്തി. പുതിയ സിഎൽഎ ബിഇവിക്ക് പ്രത്യേകിച്ച് യുവ ആഡംബര കാർ ഉപഭോക്താക്കളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതവും സാങ്കേതികവിദ്യാ കേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവുമായ ആഡംബര വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ താൽപര്യത്തിലെ മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സിഎൽഎ ബിഇവിക്ക് ഇതിനകം 1,000ലേറെ ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. 2027 മാർച്ച് വരെ വിതരണം നീളുന്ന സാഹചര്യത്തിലും ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള പുതിയ തലമുറ ആഡംബര വൈദ്യുത വാഹനങ്ങളിലൊന്നായി സിഎൽഎ ബിഇവി മാറിക്കഴിഞ്ഞു.
ഇക്യുഎസ് എസ്‌യുവി, ഇക്യുഎസ് മേബാക്ക് എസ്‌യുവി, ജി580 എന്നീ മോഡലുകൾക്കും ഉപഭോക്താക്കളിൽ നിന്ന് മികച്ച താൽപര്യം ലഭിക്കുന്നുണ്ട്. വളർന്നുവരുന്ന പുതിയ ആഡംബര ഉപഭോക്താക്കളിലും നിലവിലെ ആഡംബര വാഹന ഉപഭോക്താക്കളിലും മെഴ്‌സിഡസ് ബെൻസിന്റെ വൈദ്യുത വാഹന ശ്രേണിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.