പുതിയ ഇസുസു ഡി-മാക്സ് വി-ക്രോസ്സ് ഇന്ത്യൻ വിപണിയിലെത്തി
വാഹന പ്രേമികൾ കാത്തിരുന്ന ഇസുസു ഡി-മാക്സ് വി-ക്രോസ്സിന്റെ (Isuzu D-Max V-Cross) 2026 പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. രൂപകൽപ്പനയിലും ഫീച്ചറുകളിലും മെക്കാനിക്കൽ വശങ്ങളിലും കാര്യമായ മാറ്റങ്ങളുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. 25.50 ലക്ഷം രൂപ മുതൽ 30.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
പുതിയ വി-ക്രോസ്സിൽ ഇസുസു വരുത്തിയ ഏറ്റവും വലിയ മാറ്റം അതിന്റെ ഡ്രൈവ്ട്രെയിനിലാണ്. മുൻപുണ്ടായിരുന്ന 4x2 വേരിയന്റ് കമ്പനി നിർത്തലാക്കി. അതിനാൽ വാഹനം 4x4 (Four-Wheel Drive) ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 1.9 ലിറ്റർ ഡീസൽ എൻജിനിൽ എത്തുന്ന ശക്തമായ പിക്-അപ്പ് ട്രക്ക് 161 ബി.എച്ച്.പി കരുത്തും 360 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ പുതിയ ഡി-മാക്സ് വി-ക്രോസിന് ലഭിക്കുന്നുണ്ട്.
എല്ലാ ട്രിമ്മുകളിലും ഓട്ടോ-ലോക്കിങ് ഡിഫറൻഷ്യൽ ഫീച്ചർ പുതുതായി പിക്-അപ്പ് ട്രക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കഠിനമായ ഓഫ്-റോഡ് പാതകളിൽ വാഹനത്തിന് കൂടുതൽ കരുത്ത് നൽകും. ആകർഷകമായ ഡിസൈനും പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തി വാഹനം കൂടുതൽ സ്പോർട്ടിയാക്കിയിട്ടുണ്ട്.
മുൻവശത്തെ ഗ്രില്ലിൽ ബ്ലാക്ക് ഫിനിഷിങ്ങും പുതിയ ഡിസൈനിലുള്ള ബമ്പറും ശ്രദ്ധേയമാണ്. സൈഡ് വശങ്ങളിൽ 18 ഇഞ്ച് അലോയ് വീലുകൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പഴയ 9 ഇഞ്ച് ഇൻഫോടൈന്മെന്റ് യൂനിറ്റിന് പകരം 10.3 ഇഞ്ചിന്റെ വലിയ ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സജ്ജീകരണവുമുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ റൂഫിൽ ഘടിപ്പിച്ച 8-സ്പീക്കർ ഓഡിയോ സിസ്റ്റവും ഇസുസു ഡി-മാക്സ് വി-ക്രോസിന് ലഭിക്കും. 360 ഡിഗ്രി കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവ സുരക്ഷയും സൗകര്യവും വർധിപ്പിക്കും.