കാറിന്റെ മൈലേജ് കൂട്ടാൻ ഈ കാര്യങ്ങള്‍ പരീക്ഷിക്കൂ…

 
ഇപ്പോള്‍ വേനൽക്കാലമാണല്ലോ… കാറിൽ യാത്ര ചെയ്യുമ്പോള്‍ എസിയുടെ ഉപയോഗം ചൂടായതിനാൽ തന്നെ വളരെ കൂടുതലാണ്. എന്നാൽ, എസിയുടെ അമിത ഉപയോഗം ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് നിങ്ങള്‍ എപ്പോ‍ഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത് സത്യമാണ്. എസി എത്രത്തോളം നേരം കൂടുതൽ ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടമുണ്ടാകും. സുഖപ്രദമായ യാത്രയോടൊപ്പം ഇന്ധനക്ഷമതയ്ക്കും മുൻഗണന നൽകിയുള്ള യാത്രയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനായുള്ള ടിപ്പുകള്‍ ഇതാ.
കാർ എസി ഇന്ധനക്ഷമതയെ ബാധിക്കുന്നത് എങ്ങനെ?
കാറിലെ എസി പ്രവർത്തിക്കുന്നത് എഞ്ചിൻ നൽകുന്ന കരുത്തിലാണ്. പ്രധാന ഭാഗമായ കംപ്രസർ എഞ്ചിനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ എസി ഓൺ ചെയ്യുമ്പോൾ, ഒരേസമയം എഞ്ചിൻ കാറിനും എസിക്കും ഊർജ്ജം നൽകേണ്ടി വരുന്നു. ഇത് ഇന്ധനത്തിൻ്റെ ഉപഭോഗം വർദ്ധിപ്പിക്കുന്നു. എസി ഉപയോഗിക്കുന്നത് ഒരു കാറിന്റെ ഇന്ധനക്ഷമതയെ ഏകദേശം 20% വരെ കുറയ്ക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ട്. താപനില, വണ്ടിയുടെ വേഗത, വാഹനത്തിന്റെ മോഡൽ എന്നിവയെ ആശ്രയിച്ചിരിക്കും ഇത്.
വേനൽക്കാലത്ത് കാർ എസിയുടെ അനുയോജ്യമായ താപനില
ഈസിക്ലൈമയുടെ റിപ്പോർട്ട് അനുസരിച്ച് വേനൽക്കാലത്ത് കാർ എസിയിലെ താപനില 20°C നും 22°C നും ഇടയിൽ ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം. സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം മികച്ച പ്രവർത്തനക്ഷമത നൽകാനും ഈ താപനില സഹായിക്കും.
കുറഞ്ഞ താപനിലയിലേക്ക് എസി മാറ്റുന്നതിനേക്കാൾ, ഈ മിതമായ അളവിൽ നിലനിർത്തുന്നത് വഴി കാറിന് അമിതമായി ജോലി ചെയ്യേണ്ടി വരുന്നില്ല. ഇത് എസിയുടെ ഭാഗങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും സാങ്കേതിക തകരാറുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കാനും എസി കാര്യക്ഷമമാക്കാനു‍ള്ള വഴികൾ
    എസി ഓൺ ചെയ്യുന്നതിന് മുമ്പ് കുറച്ചു നേരം കാറിന്റെ ജനലുകൾ താഴ്ത്തിയിടുക. ഇതിലൂടെ കാറിനുള്ളിലെ ചൂടുവായു പുറത്തുപോകുകയും എസിയുടെ ജോലിഭാരം കുറയുകയും ചെയ്യും.
    തണലുള്ള സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യാൻ ശ്രമിക്കുക. ഇത് കാറിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.
    ഡ്രൈവിംഗിനിടെ റീസർക്കുലേഷൻ മോഡ് ഉപയോഗിക്കുന്നതും കൃത്യസമയത്ത് വാഹനത്തിന്റെ സർവീസ് നടത്തുന്നതും എസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കും