വിലക്കുറവോടെ പുത്തൻ എഞ്ചിനുമായി ബ്രെസ്സ; ബുക്കിങ് തുടങ്ങി, ഫീച്ചറുകൾ അറിയാം

പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു. 23ന് പുതിയ ബ്രെസ്സയുടെ വില അടക്കമുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് കരുതുന്നത്.

 

ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു. 23ന് പുതിയ ബ്രെസ്സയുടെ വില അടക്കമുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് കരുതുന്നത്.പുറത്തും അകത്തളത്തിലും നിരവധി പുതിയ മാറ്റങ്ങളുമായാണ് ബ്രെസ്സ വിപണിയിൽ എത്താൻ പോകുന്നത്. 11,000 രൂപ നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

അപ്ഡേറ്റ് ചെയ്ത പുതിയ മോഡലിൽ ബ്രെസ്സയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ അലോയ് വീലുകൾക്ക് പുതിയ രൂപകൽപ്പന ഉണ്ടാവുമെന്നാണ് കരുതുന്നത്. നിലവിൽ അലോയ് വീലുകൾ ഡയമണ്ട് കട്ട് ഡിസൈനിലാണ്. പുതിയ പതിപ്പ് പെറ്റലിന് സമാനമായ ഡിസൈനിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

1.5 ലിറ്റർ എൻജിനാണ് പഴയ പതിപ്പുകളിൽ ഉണ്ടായിരുന്നത്. നാലു മീറ്ററിൽ താഴെയുള്ള വാഹനമായിട്ട് കൂടി കൂടിയ എൻജിൻ ആണ് എന്ന കാരണത്താൽ വലിയ വില കൊടുത്ത് വാഹനം വാങ്ങാൻ ഇത് ഉപഭോക്താക്കളെ നിർബന്ധിക്കുന്നുണ്ട്. നികുതി കൂടുതലാണ് എന്നതാണ് വില ഉയരാൻ കാരണം. എന്നാൽ പുതിയ പതിപ്പിൽ 100 ബിഎച്ച്പിയും 147 എൻഎമ്മും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ എൻജിൻ അഞ്ച് സ്പീഡ് MT അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം ആറ് സ്പീഡ് AT എന്നിവയിൽ ലഭ്യമായേക്കാം. ഈ കാർ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടൊയോട്ട ടൈസർ, മാരുതി ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം മാരുതി വിക്ടോറിസിനൊപ്പം അരങ്ങേറ്റം കുറിച്ച അണ്ടർബോഡി സിഎൻജി ടാങ്ക് ഓപ്ഷനും ഇത് വാഗ്ദാനം ചെയ്‌തേക്കാം.