ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഗതാഗതത്തിന്റെ ഭാവിയിലേക്ക് വിരൽ ചൂണ്ടാനൊരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ
ഈ വർഷം ജനുവരി 17 മുതൽ 22 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). ആക്ടിവ ഇ, ക്യുസി1 എന്നീ പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറുകളായിരിക്കും ഹോണ്ട പവിലിയനിലെ ശ്രദ്ധാകേന്ദ്രം.
ന്യൂഡൽഹി: ഈ വർഷം ജനുവരി 17 മുതൽ 22 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). ആക്ടിവ ഇ, ക്യുസി1 എന്നീ പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറുകളായിരിക്കും ഹോണ്ട പവിലിയനിലെ ശ്രദ്ധാകേന്ദ്രം.
പുതിയ സ്കൂട്ടർ പതിപ്പുകളുടെ വില പ്രഖ്യാപിച്ചു. ആക്ടിവ ഇയുടെ എക്സ് ഷോറൂം വില 1,17,000 രൂപയിലും ക്യുസി1ൻ്റെ എക്സ് ഷോറൂം വില 90,000 രൂപയിലും ആരംഭിക്കും. പുതിയ സ്കൂട്ടറുകളുടെ മൂല്യ സംരക്ഷണവും കാലാവധിയും ലക്ഷ്യമിട്ട് പ്രത്യേക സംരക്ഷണ പാക്കേജുകളും കമ്പനി അവതരിപ്പിക്കുന്നു.
തുടർച്ചയായ നവീകരണത്തിലും ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലുമാണ് മൊബിലിറ്റിയുടെ ഭാവിയെന്ന് തങ്ങൾ വിശ്വസിക്കുന്നതായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു. "കാർബൺ ന്യൂട്രാലിറ്റിക്കായുള്ള ഞങ്ങളുടെ ശ്രമങ്ങൾ പ്രദർശിപ്പിക്കുന്നതിനും സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങൾ നൽകുന്നതിനുമുള്ള മികച്ച വേദിയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025. സാങ്കേതികമായി നിരവധി മു൯തൂക്കങ്ങളുള്ളതും ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ സ്കൂട്ടറുകളാണ് ആക്ടിവ ഇ, ക്യുസി1 എന്നിവ. ബാറ്ററി പരിപാലനത്തിന്റെ പൂർണമായ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നതും സ്വാപ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതും ഉപഭോക്താക്കളുടെ ഇക്കാര്യത്തിലുള്ള സമ്മർദ്ദം ഇല്ലാതാക്കും. വാഹനത്തിന്റെ മൂല്യസംരക്ഷണത്തിലൂടെ ഉടമകൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്ന നിലവാരമാർന്ന മെയിന്റ൯സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉയർന്ന നിലവാരമാർന്ന ഉൽപ്പന്നങ്ങൾക്കൊപ്പം മികച്ച വിൽപനാനന്തര സേവനവുമാണ് ഹോണ്ട ലക്ഷ്യം വയ്ക്കുന്നത്."
ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് മാറ്റാവുന്ന ബാറ്ററി സാങ്കേതികവിദ്യയുള്ള പുതിയ ആക്ടിവ ഇ, ഫിക്സഡ് ബാറ്ററി സജ്ജീകരണമുള്ള ക്യുസി1 എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു. "ലോകോത്തര നിലവാരം, വിശ്വാസ്യത, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ തികഞ്ഞ സംയോജനമാണ് ഈ സ്കൂട്ടറുകൾ. ആശങ്കാരഹിതമായ അഞ്ചു വർഷത്തെ വിൽപനാനന്തര സേവനം, റോഡ് സൈഡ് അസിസ്റ്റൻസ് (ആർഎസ്എ), എക്സ്റ്റെൻഡഡ് വാറന്റി എന്നിവ ഉൾപ്പെടുന്ന പരിപാലന പാക്കേജുകളും ഇതോടൊപ്പമുണ്ട്. ഹരിത പരിസ്ഥിതിയോടുള്ള ഹോണ്ടയുടെ അചഞ്ചലയമായ പ്രതിബദ്ധതയാണ് ഈ ഇലക്ട്രിക് സ്കൂട്ടറുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിലനിലവാരത്തിൽ ഒരു വർഷത്തെ സൗജന്യ പരിപാലന പാക്കേജും ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബിലിറ്റിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഭാവിയിലേക്കുള്ള ഈ ചുവടുവയ്പിൽ ഞങ്ങൾ ആവേശഭരിതരാണ്."
നഗര ഗതാഗതം പുനഃനിർവചിച്ച് പുതിയ സ്കൂട്ടറുകൾ
ഹരിത സൗഹൃദപരമായ സുസ്ഥിര ഗതാഗത സംവിധാനമെന്ന ലക്ഷ്യത്തിലേക്കുള്ള ഹോണ്ടയുടെ നിർണായക ചുവടുവയ്പാണ് ആക്ടിവ ഇ, ക്യുസി 1 എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ സ്കൂട്ടറുകൾ കേവലം ആയിരം രൂപ നൽകി ബുക്ക് ചെയ്യാം.
ഫെബ്രുവരി മുതൽ ബെംഗളൂരുവിലും ഏപ്രിൽ മുതൽ ദൽഹി, മുംബൈ എന്നിവിടങ്ങളിലും ആക്ടിവ ഇ ലഭ്യമാകും. ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നീ ആറ് നഗരങ്ങളിലാണ് ക്യുസി1 ലഭിക്കുക. പേൾ സെറിനിറ്റി ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഷാലോ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാണ് സ്കൂട്ടറുകളെത്തുന്നത്.
മൂന്ന് വർഷം അല്ലെങ്കിൽ 50000 കിലോമീറ്റർ സ്റ്റാ൯ഡേഡ് വാറന്റിയാണ് ഹോണ്ട ഈ മോഡലുകൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ കോംപ്ലിമെന്ററി പാക്കേജിന് കീഴിൽ ആദ്യവർഷം നിശ്ചിത ഇടവേളകളിൽ മൂന്ന് സൗജന്യ സർവീസുകളും സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസും 24x7 സമർപ്പിത കോൾ സെന്റർ സേവനവും ലഭിക്കും. ആക്ടിവ ഇയുടെ റോഡ് സിങ്ക് ഡ്യുവോ വേരിയന്റിന് ആദ്യവർഷം സാസ് – സോഫ്റ്റ് വെയർ ആസ് എ സർവീസ് സേവനവും ലഭിക്കും. രണ്ട് സ്കൂട്ടറുകൾക്കും രാജ്യവ്യാപകമായി കെയർ പ്ലസ് പാക്കേജും കമ്പനി നൽകുന്നുണ്ട്. ആശങ്കയില്ലാത്ത സേവനത്തിന് 5 വർഷത്തെ വാർഷിക മെയിന്റനൻസ് കരാർ (എഎംസി), 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റ൯സ്, 5 വർഷത്തെ വാറന്റി (3 വർഷത്തെ സ്റ്റാൻഡേർഡ് + 2 വർഷത്തെ എക്സ്റ്റെൻഡഡ്) തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കെയർ പ്ലസ് പാക്കേജിന്റെ വില 9,900 രൂപയാണ്. കെയർ പ്ലസ് പാക്കേജിൻ്റെ ഘടകങ്ങളും ഉപഭോക്താവിന് വ്യക്തിഗതമായി വാങ്ങാം. ഈ പാക്കേജിലൂടെ വാഹനം, ബാറ്ററി എന്നിവയുടെ ആരോഗ്യം നിലനിർത്താനും വാഹനത്തിൻ്റെ ദീർഘായുസ്സ് ഉറപ്പാക്കാനും എച്ച്എംഎസ്ഐ ലക്ഷ്യമിടുന്നു.
ഹോണ്ടയുടെ ഇതിഹാസ തുല്യമായ പാരമ്പര്യത്തിന് അനുസൃതമായി ഇലക്ട്രിക് മൊബിലിറ്റിയിൽ സുപ്രധാന കുതിച്ചുചാട്ടമാണ് ആക്ടിവ ഇ. 7.0 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലെ, ഹോണ്ട റോഡ്സിങ്ക് ഡ്യുവോ ആപ്പ് വഴി തത്സമയ കണക്റ്റിവിറ്റി 6 കിലോവാട്ട് * പീക്ക് പവർ നൽകുന്ന പെർമനന്റ് മാഗ്നെറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ എന്നിവ സവിശേഷതകളാണ്. മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ 7.3 സെക്കൻഡിനുള്ളിൽ വേഗമാർജിക്കുന്ന ഇതിന് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും.
ബാറ്ററി സ്വാപിംഗ് സാങ്കേതികവിദ്യയാകട്ടെ മൊബിലിറ്റിയ്ക്ക് പുനഃനിർവചനം നൽകുന്നു. ജപ്പാനിലെ ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് വികസിപ്പിച്ചതും ഹോണ്ട പവർ പായ്ക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പരിപാലിക്കുന്നതുമായ ഹോണ്ട മൊബൈൽ പവർ പായ്ക്ക് എന്ന സ്വാപ്പബിൾ ബാറ്ററി സിസ്റ്റമാണ് ഈ സ്കൂട്ടറിലുള്ളത്. രണ്ട് 1.5 കിലോവാട്ട് അവർ സ്വാപ്പബിൾ ബാറ്ററികൾ പൂർണ ചാർജിൽ 102 കിലോമീറ്റർ* ഓടും. ബാസ് – ബാറ്ററി ആസ് എ സർവീസ് സേവനത്തിനായി രണ്ട് പ്ലാനുകളാണ് ഉപഭോക്താക്കൾക്ക് മുമ്പിലുള്ളത്. പ്രതിമാസം 1,999 രൂപയും (പ്രതിദിനം 40 കിലോമീറ്റർ). പ്രതിമാസം 3,599 (പ്രതിദിനം 100 കിലോമീറ്റർ) രൂപയുമാണ് ഈ പാക്കേജുകളുടെ നിരക്ക്.
വ്യക്തിഗത മൊബിലിറ്റിക്കായി ഹോണ്ട അവതരിപ്പിക്കുന്ന ക്യുസി1 ഫ്ലുയിഡിക് രൂപകൽപ്പനയുടെയും മികവുറ്റ എഞ്ചിനീയറിംഗിന്റെയും സമന്വയമാണ്. ഒരൊറ്റ ചാർജിൽ 80 കിലോമീറ്റർ* റേഞ്ച് നൽകുന്ന 1.5 കിലോവാട്ട് അവർ ഫിക്സഡ് ബാറ്ററി പായ്ക്ക് ഇതിലുണ്ട്. 4 മണിക്കൂർ 30 മിനിറ്റിനുള്ളിൽ 0 മുതൽ 80% വരെ ചാർജ് ചെയ്യാൻ കഴിയും. 6.50 മണിക്കൂറിൽ പൂർണചാർജിലെത്തും. 1.8 കിലോവാട്ട് * പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻ-വീൽ ഇലക്ട്രിക് മോട്ടോർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗം സമ്മാനിക്കുന്നു. 5.0 ഇഞ്ച് ഓൾ-ഇൻഫോ എൽസിഡി ഡിസ്പ്ലേയിൽ വാഹനത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ ലഭിക്കും. ചാർജിംഗ് ഉപകരണങ്ങൾക്കായി യുഎസ്ബി ടൈപ്പ്-സി സോക്കറ്റ്, വിശാലമായ 26 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവ ഈ സ്കൂട്ടറിനെ ദൈനംദിന യാത്രയ്ക്ക് അനുയോജ്യമാക്കുന്നു.
ഭാരത് മൊബിലിറ്റി എക്സ്പോയിൽ എച്ച്എംഎസ്ഐ
നൂതനവും സുസ്ഥിരവുമായ മൊബിലിറ്റി പരിഹാരങ്ങളുമായി ഭാരത് മൊബിലിറ്റി എക്സ്പോ 2025ൽ സുപ്രധാന സ്ഥാനത്താണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). ബദൽ ഇന്ധന സാധ്യതകളിലൂന്നി ഹരിതഭാവിയോടുള്ള പ്രതിബദ്ധതയുമായി പുതിയ ഇലക്ട്രിക് സ്കൂട്ടറുകളായ ആക്ടിവ ഇ, ക്യുസി1 എന്നിവ എക്സ്പോയിൽ പ്രദർശിപ്പിക്കും.
പരിസ്ഥിതി ബോധമുള്ള റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 300സിസി ഫ്ലെക്സ്-ഫ്യൂവൽ മോട്ടോർസൈക്കിളായ ഹോണ്ട സിബി300എഫ് പ്രദർശിപ്പിക്കും. സിബി300എഫ് ഫ്ലെക്സ്-ഫ്യൂവൽ ഒരു വിട്ടുവീഴ്ചയില്ലാത്ത സ്ട്രീറ്റ് ഫൈറ്ററാണ്, ഇത് ഇ85 ഇന്ധനം (85% എഥനോൾ, 15% ഗ്യാസോലിൻ) ഉപയോഗത്തിന് പര്യാപ്തമാണ്.
പോർട്ടബിളും സുരക്ഷിതവുമായ രീതിയിൽ രൂപകൽപ്പന ചെയ്ത പുതിയ ഫസ്റ്റ് അല്ലെങ്കിൽ ലാസ്റ്റ് മൈൽ പേഴ്സണൽ മൊബിലിറ്റിയായ മോട്ടോകോംപാക്ടോയുടെ പ്രദർശനമാണ് മറ്റൊന്ന്. സ്റ്റൈലിലോ കാര്യക്ഷമതയിലോ വിട്ടുവീഴ്ച ചെയ്യാതെ പോർട്ടബിലിറ്റി തേടുന്നവർക്കുള്ളതാണ് ഈ മടക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ. ബാറ്ററി ഉപഭോഗം വിലയിരുത്തിയുള്ള പ്രവചനം, കുറഞ്ഞ ഭാരം, ഒതുക്കം എന്നീ സവിശേഷതകളുള്ള മോട്ടോകോംപാക്ടോ പൂർണമായ ചാർജിൽ 12 മൈൽ (ഏകദേശം 19 കിലോമീറ്റർ) ദൂരവും 15 മൈൽ (24 കിലോമീറ്റർ/മണിക്കൂർ) വേഗവും വാഗ്ദാനം ചെയ്യുന്നു.
ഹോണ്ടയുടെ ഇലക്ട്രിക് റേസിംഗ് ഗോ-കാർട്ടും എക്സ്പോയിൽ തരംഗമാകും. ഹോണ്ട മൊബൈൽ പവർ പായ്ക്ക് ഇ: സ്വാപ്പബിൾ ബാറ്ററികളുമായി ഗോ-കാർട്ട് മികവുറ്റ ആക്സിലറേഷനും കൃത്യതയുള്ള ഹാൻഡ്ലിംഗും നൽകുന്നു, സീറോ എമിഷൻ നിലനിർത്തിക്കൊണ്ട് റേസിംഗിന്റെ ആവേശം ഉൾക്കൊള്ളുന്നു. റേസിംഗ് തൽപരർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത് മോട്ടോർസ്പോർട്ട് മികവുമായി ഗ്രീൻ മൊബിലിറ്റിയെ സംയോജിപ്പിക്കാനുള്ള പ്രതിബദ്ധത എടുത്തുകാണിക്കുന്നു. വൃത്തിയുള്ളതും ഉയർന്ന നിലവാരമുള്ളതുമായി ഭാവിയെക്കുറിച്ചുള്ള ഹോണ്ടയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നു, ഇത് എക്സ്പോയിലെ ശ്രദ്ധേയ ആകർഷണമായിരിക്കും.
എക്സ്പോയിലെ ഹോണ്ട പവർ പായ്ക്ക് എക്സ്ചേഞ്ചർ ഇ: (ബെക്സ് സ്റ്റേഷൻ) ഡിസ്പ്ലേയിലെത്തുന്ന സന്ദർശകർ ഹോണ്ടയുടെ നൂതന ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ അനുഭവിച്ചറിയും. ആക്ടിവ ഇയിൽ തടസമില്ലാതെ ബാറ്ററി മാറ്റി സ്ഥാപിക്കാ൯ ഇത് വഴിയൊരുക്കുന്നു. ബെക്സ് സംവിധാനത്തിന് ഒരേസമയം ഹോണ്ട മൊബൈൽ പവർ പായ്ക്കിന്റെ ഒന്നിലധികം യൂണിറ്റുകൾ ചാർജ് ചെയ്യാനും ഉപയോക്താക്കൾക്ക് സുഗമമായ ബാറ്ററി കൈമാറ്റം സാധ്യമാക്കാനും കഴിയും. പൂർണ്ണമായും ആരോഗ്യമുള്ള ബാറ്ററികൾ മാത്രം തിരിച്ചറിയുകയും ചാർജ് ചെയ്യുകയും ചെയ്യുന്ന ഇന്റലിജ൯സാണ് ഇതിൻ്റെ സവിശേഷത.
ഹെഡ്-മൌണ്ടഡ് ഡിസ്പ്ലേകൾ ഉപയോഗിച്ച് തത്സമയ 3ഡി സ്കെച്ചിംഗ് സെഷനുകളിലൂടെ പുതിയ ഡിസൈനുകൾ അവതരിപ്പിക്കാനുള്ള പ്രത്യേക ബൂത്ത് എക്സ്പോയിൽ ഹോണ്ട ഒരുക്കും. വാഹന രൂപകൽപ്പനയുടെയും നവീകരണത്തിന്റെയും ലോകത്തിൽ തൽപ്പരരായ യുവാക്കളെ ഈ ബൂത്ത് ആകർഷിക്കും.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ, 'വാല്യൂ ലൈഫ്, റൈഡ് സേഫ്' സംരംഭത്തിലൂടെ റോഡ് സുരക്ഷയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിൽ ഹോണ്ട അഭിമാനിക്കുന്നു. എല്ലാ പ്രായക്കാർക്കും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രവർത്തനങ്ങൾ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഗതാഗത സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. സന്ദർശകർക്ക് സംവേദനാത്മക റോഡ് സുരക്ഷാ ഗെയിമുകളിൽ ഏർപ്പെടാനും സിമുലേറ്റർ റൈഡിംഗ് ട്രെയിനർമാരിലൂടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ അനുഭവിക്കാനും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സ്ലോ റൈഡിംഗ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയും. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുക, കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമെറ്റുകൾ ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ പ്രത്യേക ശ്രദ്ധയാണ് ഈ ബോധവൽക്കരണത്തിലുള്ളത്. രസകരവും പഠനപരവുമായ പ്രവർത്തനങ്ങളിലേക്ക് വിദ്യാർത്ഥികളേയും പുതിയ പ്രവണതകളിലേക്ക് മുതിർന്നവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതുമാണ് ഈ മേഖല. റോഡ് സുരക്ഷാ പ്രതിജ്ഞയ്ക്കും റോഡ് സുരക്ഷാ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സെൽഫികളെടുക്കാനും ഇവിടെ അവസരമുണ്ട്. സുരക്ഷിതവും ഉത്തരവാദിത്ത പൂർണവുമായ റൈഡിംഗ് സമൂഹമാണ് ഹോണ്ടയുടെ ലക്ഷ്യം.
*റേഞ്ച് കണക്കാക്കിയിരിക്കുന്നത് ഹോണ്ടയുടെ ആഭ്യന്തര പരിശോധന ഫലങ്ങൾക്ക് അനുസൃതം.
# ഉപയോക്താവിന് ലഭിക്കുന്ന മൈലേജ് – ആക്സിലറേഷ൯, റോഡ് ഗതാഗതം തുടങ്ങിയ ബാഹ്യഘടകങ്ങൾ മൂലം ഉപയോഗിക്കുന്ന ഊർജത്തെ ആശ്രയിച്ചിരിക്കും.
1. ബേസിക് പ്ലാ൯: വിലനിർണ്ണയത്തിൽ പ്രതിമാസം 35 കിലോവാട്ട് വരെ ഊർജ്ജ ഉപഭോഗം ഉൾപ്പെടുന്നു. 30 കിലോമീറ്റർ/കിലോവാട്ട് മൈലേജോടെ ഇത് ഒരു മാസത്തിൽ 26 ദിവസത്തേക്ക് പ്രതിദിനം 40 കിലോമീറ്ററിന് തുല്യമാണ്, മണിക്കൂറിൽ 35 കിലോവാട്ട് കവിഞ്ഞാൽ കിലോവാട്ടിന് 35 രൂപ ഈടാക്കും (ജി.എസ്.ടി ഒഴികെ).
2. അഡ്വാൻസ് പ്ലാൻ: വിലനിർണ്ണയത്തിൽ പ്രതിമാസം 87 കിലോവാട്ട് വരെ ഊർജ്ജ ഉപഭോഗം ഉൾപ്പെടുന്നു. ഇത് 30 കിലോമീറ്റർ/കിലോവാട്ട് മൈലേജോടെ മാസത്തിൽ 26 ദിവസത്തേക്ക് പ്രതിദിനം 100 കിലോമീറ്ററിന് തുല്യമാണ്. നിശ്ചിത പരിധി കവിഞ്ഞാൽ കിലോവാട്ടിന് 35 രൂപ ഈടാക്കും (ജിഎസ്‌ടി ഒഴികെ).
## 5 വർഷത്തെ എഎംസിയിൽ ഒന്നാം വർഷം 3 സൗജന്യ പീരിയോഡിക് മെയിന്റനൻസ് സേവനങ്ങളും അതിനുശേഷം അടുത്ത 4 വർഷത്തേക്ക് 8 പെയ്ഡ് പീരിയോഡിക് മെയിന്റനൻസ് സേവനങ്ങളും ഉൾപ്പെടുന്നു.