ഔഡി ആർഎസ് ക്യു8 പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി, പെർഫോമൻസ് വിഭാഗത്തിൽ പെടുന്ന ആഡംബര എസ്.യു.വിയായ ആർഎസ് ക്യു8 പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു.
മുംബൈ: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി, പെർഫോമൻസ് വിഭാഗത്തിൽ പെടുന്ന ആഡംബര എസ്.യു.വിയായ ആർഎസ് ക്യു8 പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഉയർന്ന പ്രകടന ശേഷിയും ശക്തമായ പവർ ഔട്ട്പുട്ടും ആഡംബര സൗകര്യങ്ങളും സംയോജിക്കുന്ന പുതിയ ഔഡി ആർഎസ് ക്യു8 പെർഫോമൻസ് എസ്.യു.വി വിഭാഗത്തിൽ പുതിയ ബെഞ്ച്മാർക്ക് ആയി മാറിയിരിക്കുകയാണ്.പുതിയ ഔഡി ആർഎസ് ക്യു8 പെർഫോമൻസിന് ഇന്ത്യയിലെ എക്സ്-ഷോറൂം വില 2,49,00,000 രൂപയാണ്. 10 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും കൂടെ ലഭിക്കും. സകല അറ്റകുറ്റപ്പണികളും ഉൾകൊള്ളുന്ന സർവീസ് പാക്കേജുകളും ഉപഭോക്താക്കൾക്ക് വാങ്ങാം.
"ഏറ്റവും മികച്ച ഔഡി പെർഫോമൻസ് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന നാഴികക്കല്ലായിട്ടാണ് ഔഡി ആർഎസ് ക്യു 8 പെർഫോമൻസ് പുറത്തിറക്കുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. പ്രകടന ശേഷി, അത്യുഗ്രൻ സാങ്കേതികവിദ്യ , ദൈനംദിന ഉപയോഗക്ഷമത എന്നിവയെ ആകർഷകമായി സംയോജിപ്പിച്ചു കൊണ്ടാണ് ഔഡി ആർഎസ് ക്യു 8 പെർഫോമൻസ് നിർമിച്ചിരിക്കുന്നത്. ആഡംബരത്തിൽ വിട്ടുവീഴ്ചയില്ലാതെ അത്യുഗ്രൻ പെർഫോമൻസ് വാഹനം ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്കായാണ് പുതിയ ഔഡി ആർഎസ് ക്യു 8 പെർഫോമൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഞങ്ങളുടെ പെർഫോമൻസ് കാർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നത് തുടരാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങളുടെ ആർഎസ് മോഡലുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന മികച്ച പ്രതികരണമാണ്, പ്രത്യേകിച്ച് ഞങ്ങളുടെ ഔഡി ആർഎസ് ക്യു 8 ഉപയോക്താക്കളായിട്ടുള്ള പകുതിയോളം വരുന്ന യുവാക്കൾ ആയിട്ടുള്ള ഔഡി പ്രേമികൾ ഞങ്ങളുടെ വലിയ ബലമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
640 എച്ച്പിയും 850 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന അതിശക്തമായ 4.0 ലിറ്റര്‍ വി8 ടിഎഫ്എസ്ഐ എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 0-ല്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ വേണ്ടത് വെറും 3.6 സെക്കന്റുകള്‍, മണിക്കൂറില്‍ 305 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന വാഹനം ഔഡി നിരയിലെ എറ്റവും ശക്തിയേറിയ വാഹനമാണ്. വാഹനത്തിന് മേൽ മികച്ച നിയന്ത്രണവും എല്ലാ തരം ഡൈവിങ്ങ് സാഹചര്യങ്ങളിലും ഡ്രൈവർക്ക് ആത്മവിശ്വാസം നൽകാനും ക്വാട്രോ പെര്‍മനന്റ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം നൽകിയിരിക്കുന്നു. മികച്ച യാത്ര അനുഭവത്തിനും ഡ്രൈവിനും അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷൻ, സ്‌പോർട് വിത്ത് റോൾ സ്റ്റെബിലൈസേഷൻ സെറ്റ് അപ്പും വാഹനത്തിൽ ഉണ്ട്. കരുത്തുറ്റ എൻജിന് കൂട്ടായി 8-സ്പീഡ് ടിപ്ട്രോണിക് ട്രാന്‍സ്മിഷന്‍ നൽകിയിട്ടുണ്ട്. ഓൾ-വീൽ സ്റ്റിയറിംഗ് സംവിധാനം അനായാസമായി സ്റ്റിയറിംഗ് നിയന്ത്രണം, സ്പോർട്ടി ഹാൻഡ്ലിംഗ്, ആത്മവിശ്വാസം, ഉയർന്ന വേഗതയിൽ പോലും സുഖപ്രദമായ ഡ്രൈവിംഗ് എന്നിവ ഉറപ്പാക്കുന്നു. ആർഎസ്-സ്പോർട്സ് എക്സ്ഹോസ്റ്റ് സിസ്റ്റം റോഡിന്റെ ആവേശം വർദ്ധിപ്പിക്കുന്ന രസകരമായ ടോൺ സമ്മാനിക്കുന്നു. മെച്ചപ്പെട്ട സ്റ്റോപ്പിംഗ് പവർ നൽകുന്ന ആർഎസ് സെറാമിക് ബ്രേക്കുകൾ നീല, ചുവപ്പ്, ആന്ത്രാസൈറ്റ് ബ്രേക്ക് കാലിപ്പറുകൾ ഓപ്ഷനുകളിൽ ലഭ്യമാണ്.