ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വർധിപ്പിച്ച് ഏഥർ
പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വർധിപ്പിച്ചു. ജനുവരി ഒന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരും. റിസ്ത കുടുംബത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളും 450 സീരീസ് വാഹനങ്ങളുമാണ് ഏഥർ വിൽക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടർ പോർട്ട്ഫോളിയോയിലുള്ള എല്ലാ വാഹനങ്ങൾക്കും വില വർധന ബാധകമാണ്. മോഡലിനെ ആശ്രയിച്ച് വില വർധന 3000 രൂപ വരെ വരാം.
അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിലയിലെ വർധന, വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകൾ, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ വിലയിലെ വർധന എന്നിവയാണ് വില കൂട്ടാൻ കാരണമെന്ന് ഏഥർ എനർജി അറിയിച്ചു. വർഷാവസാന ഓഫറിന്റെ ഭാഗമായി ഏഥർ തെരഞ്ഞെടുത്ത നഗരങ്ങളിൽ 20,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ ഇൻസ്റ്റന്റ് കിഴിവുകൾ, ക്യാഷ് ഇൻസെന്റീവുകൾ, തെരഞ്ഞെടുത്ത മോഡലുകളിൽ എട്ട് വർഷത്തെ വിപുലീകൃത ബാറ്ററി വാറന്റി, ഒന്നിലധികം വായ്പാ ദാതാക്കൾ വഴിയുള്ള ധനസഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു.