ഇന്ത്യയിൽ രണ്ട് പുതിയ ബൈക്കുകൾ ഉടൻ പുറത്തിറക്കാനൊരുങ്ങി റോയൽ എൻഫീൽഡ് 

 

ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന റൈഡർ മാനിയ 2022 ൽ കമ്പനി പുതിയ സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു. റൈഡർ മാനിയയിൽ പങ്കെടുക്കുന്നവർക്കായി പുതിയ മോട്ടോർസൈക്കിളിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സൂപ്പർ മെറ്റിയർ 650 മാത്രമല്ല, അടുത്ത തലമുറ ബുള്ളറ്റ് 350-നും റോയൽ എൻഫീൽഡ് തയ്യാറെടുക്കുന്നു. ഈ രണ്ട് മോട്ടോർസൈക്കിളുകളും 2023 ന്റെ ആദ്യ പകുതിയിൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കും.

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650
പുതിയ സൂപ്പർ മെറ്റിയർ 650 2023 ജനുവരിയിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് റോയൽ എൻഫീൽഡ് ഔദ്യോഗികമായി അറിയിച്ചു. സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിൽ പുതിയ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും. ഏറ്റവും വിലകൂടിയ റോയൽ എൻഫീൽഡ് ആയി സജ്ജീകരിച്ചിരിക്കുന്ന പുതിയ സൂപ്പർ മെറ്റിയർ 650 ന് ഏകദേശം 3.5 ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

7,250 ആർപിഎമ്മിൽ 47 ബിഎച്ച്പിയും 5,650 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 648 സിസി, എയർ, ഓയിൽ കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് സൂപ്പർ മെറ്റിയർ 650 ന് കരുത്തേകുന്നത്. പുതിയ 650 സിസി ക്രൂയിസറിന്റെ 80 ശതമാനം പീക്ക് ടോർക്ക് 2,500 ആർപിഎമ്മിൽ എത്തുമെന്ന് കമ്പനി അവകാശപ്പെട്ടു. ഷോവ 43 എംഎം യുഎസ്‍ഡി ഫോർക്ക് സസ്പെൻഷനാണ് മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി, ബൈക്കിന് 320 എംഎം ഫ്രണ്ട് ഡിസ്കും 300 എംഎം റിയർ ഡിസ്കും ഒപ്പം ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും ലഭിക്കുന്നു. പുതിയ റോയൽ എൻഫീൽഡ് 605 സിസി ബൈക്കിൽ 19 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് പിൻ അലോയ് വീലുകൾ സിയറ്റ് സൂം ക്രൂസ് ടയറുകളോട് കൂടിയതാണ്.

പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350
അടുത്ത തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, യാതൊരു മറവിയും ഇല്ലാതെ പ്രൊഡക്ഷൻ-റെഡി മോഡലും കണ്ടെത്തി. അണ്ടർപിന്നിംഗ്, എഞ്ചിൻ, ഫീച്ചറുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ പുതിയ മോഡലിന് ലഭിക്കും. മെറ്റിയോര്‍ 350, ക്ലാസിക്ക് 350 എന്നിവയ്ക്ക് അടിവരയിടുന്ന റോയൽ എൻഫീൽഡിന്റെ പുതിയ 'ജെ' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. ഈ എഞ്ചിന് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും.

2023 ന്‍റെ രണ്ടാം പാദത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെ മോട്ടോർസൈക്കിൾ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമായാണ് ഇത് വരുന്നത്. ബ്രേക്കിംഗിനായി, ബൈക്കിന് യഥാക്രമം മുന്നിലും പിന്നിലും ഡിസ്‌ക്കും ഡ്രം ബ്രേക്കുകളും ഉണ്ടായിരിക്കും. സിംഗിൾ ചാനൽ എബിഎസും ഇതിൽ സജ്ജീകരിക്കും.