ചരിത്രനേട്ടം കുറിച്ച് വോയേജർ 1; ഭൂമിയിൽ നിന്ന് 'ഒരു പ്രകാശദിനം' അകലെയെത്തുന്ന ആദ്യ മനുഷ്യനിർമ്മിത പേടകം

ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് നാസയുടെ വോയേജർ 1 പേടകം. ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം (One Light-Day) അകലെയെത്തുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവെന്ന ചരിത്രനേട്ടമാണ് വോയേജർ 1 സ്വന്തമാക്കിയത്. 1977-ൽ യാത്ര ആരംഭിച്ച പേടകം, 49 വർഷത്തോളമായി പ്രപഞ്ചത്തിന്റെ അജ്ഞാത മേഖലകളിലൂടെ സഞ്ചാരം തുടരുകയാണ്.

 

ന്യൂയോർക്ക്: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് നാസയുടെ വോയേജർ 1 പേടകം. ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം (One Light-Day) അകലെയെത്തുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവെന്ന ചരിത്രനേട്ടമാണ് വോയേജർ 1 സ്വന്തമാക്കിയത്. 1977-ൽ യാത്ര ആരംഭിച്ച പേടകം, 49 വർഷത്തോളമായി പ്രപഞ്ചത്തിന്റെ അജ്ഞാത മേഖലകളിലൂടെ സഞ്ചാരം തുടരുകയാണ്. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.46-നാണ് പേടകം ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. നിലവിൽ ഭൂമിയിൽ നിന്ന് ഏകദേശം 2,590 കോടി കിലോമീറ്റർ (25.9 ബില്യൺ കിലോമീറ്റർ) അകലെയാണ് വോയേജർ 1 സഞ്ചരിക്കുന്നത്.

പ്രകാശം ഒരു സെക്കൻഡിൽ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഈ വേഗത്തിൽ 24 മണിക്കൂർ കൊണ്ട് പ്രകാശം പിന്നിടുന്ന ദൂരത്തെയാണ് 'ഒരു പ്രകാശദിനം' എന്ന് കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് ഇത്രയധികം അകലെയെത്തിയതോടെ പേടകവുമായുള്ള ആശയവിനിമയത്തിനും ഇനി കൂടുതൽ സമയമെടുക്കും.ഭൂമിയിൽ നിന്ന് അയക്കുന്ന റേഡിയോ സന്ദേശങ്ങൾ വോയേജർ 1-ൽ എത്താൻ ഏതാണ്ട് 24 മണിക്കൂർ വേണം. പേടകത്തിൽ നിന്നുള്ള മറുപടി ഭൂമിയിലേക്ക് തിരിച്ചെത്താനും അത്രതന്നെ സമയം എടുക്കും. അതായത്, വോയേജർ 1-ലേക്ക് ഒരു സന്ദേശം അയച്ച് മറുപടി ലഭിക്കാൻ ശാസ്ത്രജ്ഞർക്ക് ഇനി രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ടി വരും.