രാത്രികൾ കൂടുതൽ ചൂടുള്ളതാവുന്നു, കാലാവസ്ഥാ ദുരന്തങ്ങളുടെ രൂപം മാറുന്നു ; കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
രാത്രികാലങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില പകൽച്ചൂടിനേക്കാൾ വേഗത്തിൽ ഉയരുന്നതായി കാലാവസ്ഥാ പഠന റിപ്പോർട്ടുകൾ. ആശങ്ക ഉയര്‍ത്തുന്ന ഈ മാറ്റം ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കം കൂട്ടുകയും പ്രകൃതിദുരന്തങ്ങളെ കൂടുതൽ മാരകമാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക കാലാവസ്ഥാ പ്രസ്താവന പ്രകാരം, 2025 ഇന്ത്യ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ എട്ടാമത്തെ വർഷമാണ്.
ദീർഘകാല ശരാശരിയേക്കാൾ 0.28 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ വർഷത്തെ താപനില. പകൽ സമയത്തെ ഉഷ്ണ തരംഗങ്ങളേക്കാൾ മാരകമായ കാലാവസ്ഥാ പ്രവണതയാണ് ഇപ്പോൾ ചര്‍ച്ചകളിൽ. രാത്രികളിൽ അനുഭവപ്പെടുന്ന അസാധാരണമായ ചൂടായിരിക്കും വരുംവർഷങ്ങളിലെ കാലാവസ്ഥയെ നിർണ്ണയിക്കാൻ പോകുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. മാക്സിമം ചൂട് വര്‍ധിക്കുന്നത് സഹിക്കാൻ പ്രയാസമാണ്. എന്നാൽ മിനിമം ചൂടിലെ വര്‍ധനവ് കാലാവസ്ഥയെ തന്നെ തകിടം മറിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടും എന്നതാണ് ആശങ്കയാവുന്നത്.
കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇന്ത്യയിൽ പകലിലെ താപനിലയേക്കാൾ വേഗത്തിലാണ് രാത്രിയിലെ താപനില ഉയരുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവ് മൂലം ഭൂമിയിൽ നിന്ന് രാത്രികാലങ്ങളിൽ ബഹിരാകാശത്തേക്ക് തിരിച്ചുപോകേണ്ട ഇൻഫ്രാറെഡ് കിരണങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ് ഇതിന് കാരണം. രാത്രിയിൽ ഭൂമിക്ക് തണുക്കാൻ സാധിക്കാതെ വരുന്നതോടെ വരുംദിവസങ്ങളിലെ ചൂട് വീണ്ടും വർദ്ധിക്കുന്നു.
ഈ താപ വ്യതിയാനം ഇന്ത്യയിലെ ഋതുക്കളെ പാടെ തകിടം മറിച്ചിരിക്കുകയാണ്. 124 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും ചൂടേറിയ ശീതകാലത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഫെബ്രുവരി മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരിയായി മാറി. ഇതിന്റെ ഫലമായി ചരിത്രത്തിലാദ്യമായി ശീതകാല മാസമായ ഫെബ്രുവരിയിൽ തന്നെ ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കടുത്ത ഉഷ്ണതരംഗം രേഖപ്പെടുത്തുകയുണ്ടായി.
മാർച്ച് മാസത്തോടെ ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിവിലും രണ്ടാഴ്ച മുൻപേ തന്നെ 'ചൂടുള്ള രാത്രികൾ' ആരംഭിച്ചു. വേനൽക്കാലം എത്തുന്നതിന് മുൻപ് തന്നെ ഭൂമിയും അന്തരീക്ഷവും തണുപ്പില്ലാതെ തിളച്ചു മറിയുന്ന അവസ്ഥയാണിത്. കേരളത്തിൽ ഇത്തവണ ഇതേ അനുഭവം ഉണ്ടായി.
താപനിലയിലുണ്ടാകുന്ന ഈ വർദ്ധനവ് മഴയുടെ സ്വഭാവത്തെയും ദോഷകരമായി ബാധിച്ചിരിക്കുന്നു. ശാസ്ത്രീയ നിയമങ്ങൾ (Clausius-Clapeyron relation) അനുസരിച്ച് അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ഓരോ 1 ഡിഗ്രി സെൽഷ്യസ് വർദ്ധനവും അന്തരീക്ഷത്തിന്റെ ജലാംശം ഉൾക്കൊള്ളാനുള്ള ശേഷി 7 ശതമാനം വർദ്ധിപ്പിക്കുന്നു. രാത്രികാലങ്ങൾ തണുക്കാത്തതിനാൽ അന്തരീക്ഷം വൻതോതിൽ ഈർപ്പവും താപോർജ്ജവും സംഭരിച്ചു നിർത്തുന്നു. ഈര്‍പ്പം തന്നെയാണ് ചൂടിനെ അഴിയാതെ പിടിച്ച് നിര്‍ത്തുന്നതും.
ഇത് അന്തരീക്ഷത്തിൽ വൻ അസ്ഥിരത ഉണ്ടാക്കുകയും, പെയ്യേണ്ട മഴ സാധാരണ രീതിയിൽ ലഭിക്കുന്നതിന് പകരം അതിശക്തമായ മേഘവിസ്ഫോടനങ്ങൾക്കും പെട്ടെന്നുള്ള പ്രളയങ്ങൾക്കും (Flash floods) കാരണമാകുകയും ചെയ്യുന്നു.
സാധാരണയായി വരണ്ട മാസമായി കണക്കാക്കുന്ന മേയ് മാസത്തിൽ 1901-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത് (126.7 മില്ലിമീറ്റർ). പ്രീ-മൺസൂൺ, മൺസൂൺ കാലയളവിലെ 99 ശതമാനം ദിവസങ്ങളിലും രാജ്യത്തിന്റെ എവിടെയെങ്കിലും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹിമാചൽ പ്രദേശിൽ മൺസൂൺ കാലത്തെ 122 ദിവസങ്ങളിൽ 98 ദിവസവും അതിശക്തമായ മഴയാണ് പെയ്തത്. പഞ്ചാബ് 1988-ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തെ നേരിട്ടു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വശം അത് മനുഷ്യ ജീവനുകൾ കവരുന്നു എന്നതാണ്. ജീവജാലങ്ങളുടെ മുഴുവൻ നിലനിൽപിനും അതിജീവത്തിനും അത് വെല്ലുവിളി തീര്‍ക്കുന്നു. ഇന്ത്യയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണങ്ങളിൽ എക്കാലവും മുന്നിൽ നിന്നിരുന്നത് ഇടിമിന്നലായിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം, ഇടിമിന്നലിനെ മറികടന്ന് അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലുമാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ജീവഹാരക പ്രതിഭാസമായി മാറിയിരിക്കുന്നത്. ഏതാണ്ട് ഇടിമിന്നൽ മരണങ്ങളുടെ അത്രയും മരണങ്ങൾക്ക് മഴയും പ്രളയവും ഓരോ വര്‍ഷവും കാരണമാവുന്നു.
2025 ൽ സംഭവിച്ച ആകെ കാലാവസ്ഥാ മരണങ്ങളിൽ പകുതിയോളം (1,372 മരണങ്ങൾ) കനത്ത മഴ മൂലമുണ്ടായ പ്രകൃതിദുരന്തങ്ങൾ കാരണമാണ്. ഇടിമിന്നൽ മൂലം 1,317 മരണങ്ങൾ മാത്രമായിരുന്നു.
കഴിഞ്ഞ 15 വർഷങ്ങളിൽ 10 വർഷവും ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വർഷങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് കേവലം താൽക്കാലികമായ പ്രതിഭാസമല്ല, മറിച്ച് മനുഷ്യനിർമ്മിതമായ ആഗോളതാപനത്തിന്റെ വ്യക്തമായ തെളിവാണ്. രാത്രികാലങ്ങളിലെ താപനില ഉയരുന്നത് കാർഷിക മേഖലയെയും ജലസുരക്ഷയെയും പൊതുജനാരോഗ്യത്തെയും ഒരുപോലെ തകിടം മറിക്കുന്നു.
പകൽച്ചൂടിനെ പ്രതിരോധിക്കാൻ നാം പദ്ധതികൾ തയ്യാറാക്കുമ്പോൾ, അതിനേക്കാൾ വേഗത്തിൽ ചൂടുപിടിക്കുന്ന നമ്മുടെ രാത്രികളെക്കൂടി സംരക്ഷിക്കേണ്ടതും കണക്കിലെടുക്കേണ്ടതുമായ സാഹചര്യം വന്നിരിക്കുന്നു. നിർമ്മാണ രീതികളിലും നഗരാസൂത്രണത്തിലും വരെ വലിയ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വരുംവർഷങ്ങൾ ഇതിലും കഠിനമായിരിക്കുമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.