കൊക്കയിലേക്ക് വീഴുന്നതോ മരണമോ സ്വപ്നം കണ്ടിട്ടുണ്ടോ ? ഇത് എന്തിന്റെ സൂചനയാണ് എന്ന് അറിയാം ...
ഉറക്കത്തിൽ സ്വപ്നം കാണാത്തവർ ആയി ആരുമുണ്ടാകില്ല. സ്വപ്നങ്ങൾ മനുഷ്യബോധത്തിന്റെ കൗതുകകരവും നിഗൂഢവുമായ ഒരു വശമാണ്. പേടിപ്പെടുത്തുന്നതും രസിപ്പിക്കുന്നതും കരയിക്കുന്നതുമായ സ്വപ്നങ്ങൾ നമ്മൾ കാണാറുണ്ട്. ഉറക്കമെഴുന്നേറ്റു കഴിയുമ്പോൾ ഓർമയിൽ നിൽക്കുന്ന സ്വപ്നങ്ങളും ഓർമയിൽ നിന്നും മറഞ്ഞു പോകുന്ന സ്വപ്നങ്ങളുമുണ്ടാകും. സ്വപ്നങ്ങൾ വരാൻ പോകുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ സൂചനയാണെന്നു പറയാറുണ്ട്.
ഒരു വ്യക്തിയുടെ കഴിഞ്ഞു പോയ കാലവും ഭാവിയുമാണ് സ്വപ്നങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ എന്നും പറയപ്പെടുന്നു. നമ്മൾ കാണുന്ന സ്വപ്‌നങ്ങൾ എന്തൊക്കെ കാര്യങ്ങളായിരിക്കും നമ്മളോട് സംവദിക്കുന്നത് എന്ന് നോക്കാം.
മനുഷ്യരല്ലാതെ, ചിലപ്പോൾ പക്ഷികളെയോ മൃഗങ്ങളെയോ മറ്റു ജീവജാലങ്ങളെയോ സ്വപ്നം കാണുന്നവരുണ്ട്. മനസിലെ ആഗ്രഹങ്ങളും വിചാരങ്ങളുമാണ് ഇത്തരം സ്വപ്നങ്ങളിലൂടെ വെളിപ്പെടുന്നത്.
അവനവനെ തന്നെയോ മൃഗങ്ങളെയോ സ്വപ്നം കാണുകയാണെങ്കിൽ ആ വ്യക്തിയുടെ ശീലങ്ങളെക്കുറിച്ചും ആ ശീലങ്ങൾ നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ചും ആ വ്യക്തിയോട് അയാളുടെ മനസ് സംവദിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ്. മൃഗങ്ങൾ ആക്രമിക്കുന്നതോ വേട്ടയാടുന്നതോ തരത്തിലുള്ള സ്വപ്നങ്ങളാണ് കാണുന്നതെങ്കിൽ ചില ശീലങ്ങൾക്കു നിങ്ങൾ അടിമപ്പെട്ടിട്ടുണ്ടെന്നും ആ ശീലങ്ങൾ നിങ്ങൾക്കു ഗുണകരമല്ലെന്നുള്ള ഉപബോധമനസിന്റെ മുന്നറിയിപ്പാണ്.
മരണം സ്വപ്നം കാണുന്നത് നല്ലതാണെന്നും അത് ദീർഘായുസിന്റെ സൂചനയാണെന്നും ചിലർ പറയാറുണ്ട് എന്നാൽ അത് ശരിയായ വ്യാഖ്യാനം അല്ല.
കാരണം ഒരു ജീവിതചക്രത്തിന്റെ അവസാനത്തെയാണ് മരണം അടയാളപ്പെടുത്തുന്നത്. വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെയോ, എന്തെങ്കിലും ശീലത്തിന്റെയോ അവസാനത്തെയാണ് മരണം സ്വപ്നം കാണുന്നതിലൂടെ സൂചിപ്പിക്കപ്പെടുന്നത്.
ആരെങ്കിലും എന്തെങ്കിലും കാരണത്താൽ മരണപ്പെടുന്നതായി കണ്ട സ്വപ്നം ഉറങ്ങിയെഴുന്നേറ്റത്തിനു ശേഷം ഓർമയിൽ നിൽക്കുന്നുണ്ടെങ്കിൽ സ്വപ്നം കണ്ട വ്യക്തിയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് സാധ്യതയുണ്ടെന്നുള്ള സൂചനയാണത്.
ചില സമയങ്ങളിൽ സ്വപ്നത്തിലൂടെ നമുക്ക് മുമ്പിൽ തെളിയുന്നത് ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന കാര്യങ്ങളാകും. സ്വപ്നം കണ്ട കാര്യങ്ങൾ യഥാർത്ഥത്തിൽ കൺമുമ്പിൽ സംഭവിക്കുന്ന നിമിഷത്തിലൂടെ ചിലരെങ്കിലും ചിലപ്പോഴെങ്കിലും കടന്നു പോയിട്ടുണ്ടാകും. അത്തരം അതിശയിപ്പിക്കുന്ന കാര്യങ്ങൾ അനുഭവവേദ്യമാക്കാനും സ്വപ്നങ്ങൾക്ക് കഴിയും.
കടുംനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് സ്വപ്നത്തിൽ നിങ്ങളെ കാണുന്നതെങ്കിൽ ഉല്ലാസം നിറഞ്ഞതും കുട്ടികളുടേതുപോലുള്ള നിങ്ങളുടെ സ്വഭാവത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്.
നഗ്നരായാണ് കാണുന്നതെങ്കിൽ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിൽ ആ വ്യക്തി വിജയിക്കുന്നുണ്ടെന്നു എന്നതിന്റെ സൂചനയാണത് . ഔദ്യോഗിക വസ്ത്രം ധരിച്ചാണ് കാണുന്നതെങ്കിൽ സ്വകാര്യ ജീവിതത്തേക്കാൾ നിങ്ങൾ മുൻഗണന നൽകുന്നത് ഔദ്യോഗിക ജീവിതത്തിനായിരിക്കുമെന്നാണ് സ്വപ്നം പറയുന്നത്.
കാണുന്ന സ്വപ്നങ്ങളെല്ലാം ചില കാര്യങ്ങൾ വ്യക്തമാക്കി തരും, ഉപബോധമനസിന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളുമായിരിക്കുമവ. അതുകൊണ്ടു തന്നെ സ്വപ്നങ്ങളെ പാടെ അവഗണിക്കാതെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ജീവിതത്തിൽ ചില മുൻകരുതലുകളെടുത്തുകൊണ്ടു മുമ്പോട്ടുപോകാൻ സഹായിക്കും.