പഞ്ചസാര ഉൽപ്പാദനത്തിൽ കുതിപ്പ്; രാജ്യത്ത് 184 പഞ്ചസാര മില്ലുകൾ പ്രവർത്തനം തുടങ്ങി

 

 2026–27 പഞ്ചസാര ഉൽപ്പാദന സീസണിന് രാജ്യത്ത് മികച്ച തുടക്കമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകൾ. നവംബർ അഞ്ചുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 184 പഞ്ചസാര മില്ലുകൾ കരിമ്പ് ചതയ്ക്കൽ ആരംഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 154 മില്ലുകളായിരുന്നു പ്രവർത്തനം തുടങ്ങിയത്.

നവംബർ അഞ്ചുവരെ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 12.85 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.20 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മില്ലുകൾ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ 136 മില്ലുകളിൽനിന്ന് 10.78 ലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിച്ചു.

ഉത്തർപ്രദേശിൽ 19 മില്ലുകളും ഗുജറാത്തിൽ 12 മില്ലുകളും പ്രവർത്തനം തുടങ്ങി. കർണാടകയിലും തമിഴ്നാട്ടിലും ഏഴ് മില്ലുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. മുൻ സീസണിൽനിന്ന് ഏകദേശം 36 ലക്ഷം ടൺ പഞ്ചസാരയുടെ സ്റ്റോക്ക് ശേഷിക്കുന്നതിനാൽ ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ ലഭ്യതയുണ്ടെന്നാണ് വ്യവസായ സംഘടനയുടെ വിലയിരുത്തൽ.