കാർഷിക മേഖലയിലും സൗരോർജം ; കർഷകർക്ക് പുതിയ പ്രോത്സാഹനപദ്ധതി പരിഗണനയിൽ
കൃഷിയിടങ്ങളിൽ വിളകൾ വളർത്തുന്നതിനൊപ്പം സൗരോർജം ഉൽപ്പാദിപ്പിക്കുന്ന അഗ്രിവോൾട്ടായിക്സ് പദ്ധതികൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള പദ്ധതികളിലൂടെയോ പുതിയ പദ്ധതിയിലൂടെയോ സഹായം നൽകാനുള്ള സാധ്യതയാണ് ചർച്ചയിലുള്ളത്.
കൃഷിയിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് അതിനടിയിലോ ഇടയിലോ അനുയോജ്യമായ വിളകൾ കൃഷി ചെയ്യുന്നതാണ് അഗ്രിവോൾട്ടായിക്സ് രീതി. ഇതിലൂടെ ഭൂമിയിൽനിന്ന് കാർഷിക വരുമാനവും വൈദ്യുതി ഉൽപ്പാദനത്തിലൂടെ അധിക വരുമാനവും നേടാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ ആശയം.
പരമ്പരാഗത സൗരോർജ പദ്ധതികളേക്കാൾ 25 മുതൽ 30 ശതമാനം വരെ അധിക ചെലവ് വരാമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്. അതിനാൽ സാമ്പത്തിക സഹായം ലഭ്യമാകുമോ, ഏതൊക്കെ കർഷകർക്ക് അർഹതയുണ്ടാകും, സാങ്കേതിക മാനദണ്ഡങ്ങൾ എന്തായിരിക്കും തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.