ചെറിയ പ്ലാവ്, വലിയ ചക്ക ; ഒന്നരവർഷത്തിൽ കായ്ക്കുന്ന ലഅത്ഭുത പ്ലാവ്
വളരെ ചെറിയ ഉയരത്തിൽ തന്നെ ചക്ക കായ്ക്കുന്ന ഒരു അത്ഭുത പ്ലാവിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ശീമക്കൊന്നമരത്തിന്റെ ഉയരത്തിൽ മാത്രം വളരുന്ന ഈ പ്ലാവിൽ ഒന്നര വർഷത്തിനുള്ളിൽ തന്നെ ചക്ക വിളവെടുക്കാം. രുചിയിലും സുഗന്ധത്തിലും മുന്നിലുള്ള, കറുമുറെ തിന്നാവുന്ന ചുളയുള്ള ചക്കയാണ് ഇതിന്റെ പ്രത്യേകത. തായ്‌ലൻഡിൽ ഉത്ഭവിച്ച് ‘വിയറ്റ്‌നാം സൂപ്പർ എർലി’ എന്ന പേരിൽ ലോകമെമ്പാടും ശ്രദ്ധ നേടിയ പ്ലാവിനത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വളരെ ചെറിയ ഉയരത്തിൽ തന്നെ ചക്ക കായ്ക്കുന്ന ഒരു അത്ഭുത പ്ലാവിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ശീമക്കൊന്നമരത്തിന്റെ ഉയരത്തിൽ മാത്രം വളരുന്ന ഈ പ്ലാവിൽ ഒന്നര വർഷത്തിനുള്ളിൽ തന്നെ ചക്ക വിളവെടുക്കാം. രുചിയിലും സുഗന്ധത്തിലും മുന്നിലുള്ള, കറുമുറെ തിന്നാവുന്ന ചുളയുള്ള ചക്കയാണ് ഇതിന്റെ പ്രത്യേകത. തായ്‌ലൻഡിൽ ഉത്ഭവിച്ച് ‘വിയറ്റ്‌നാം സൂപ്പർ എർലി’ എന്ന പേരിൽ ലോകമെമ്പാടും ശ്രദ്ധ നേടിയ പ്ലാവിനത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പൂർണ വളർച്ചയിലെത്തുമ്പോൾ ഇതിന്റെ പരമാവധി ഉയരം പതിനഞ്ച് അടിയോളം മാത്രമാണ്. ഇലത്തഴപ്പിന്റെ പരമാവധി വ്യാപ്തി ഏകദേശം പത്ത് അടിയോളം. അതായത്, വലിയൊരു ശീമക്കൊന്ന മരത്തിന്റെ വലിപ്പം പോലും ഇതിന് ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
നന്നായി പരിപാലിക്കുന്ന സൂപ്പർ ഏർലിയിൽ നിന്ന് 18 മാസം കൊണ്ടു തന്നെ ചക്കയും വിളവെടുക്കാം. ഈ പ്ലാവിന്റെ ജന്മദേശം തായ്‌ലൻഡാണെങ്കിലും പേരു വന്നത് വിയറ്റ്‌നാമിന്റെ പേരിൽ. തായ്‌ലൻഡിലെ കർഷകരാണ് ആദ്യമായി ഇത്തരം പ്ലാവിനം കണ്ടെത്തുന്നതും പരിമിതമായ തോതിൽ കൃഷി ചെയ്തു തുടങ്ങുന്നതും. അവരിതിന് നൽകിയ പേരാകട്ടെ 'മിറ്റ് തായ് സുയി സോം'. പേരിന്റെ അർഥം തായ്‌ലൻഡ് സൂപ്പർ ഏർലി. എന്നാൽ ഇനം കണ്ടെത്തുന്നതിനും പേരു നൽകുന്നതിനുമപ്പുറം പ്രചരിപ്പിക്കാൻ കാര്യമായ ശ്രമമൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു മാത്രമല്ല, വിയറ്റ്‌നാമിന് ഈയിനം നൽകാൻ മടികാട്ടിയതുമില്ല. വിയറ്റ്‌നാമാകട്ടെ തങ്ങളുടെ രാജ്യത്തെ മെക്കോങ് ഡെൽറ്റയിൽ ഈയിനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, ഇതിന്റെ പേർ വിയറ്റ്‌നാം സൂപ്പർ ഏർലി എന്നാക്കുകയും ചെയ്തു.
ചക്ക കൊണ്ട് എന്തൊക്കെ കാര്യങ്ങളാണോ ലോകത്തിനാവശ്യം അവയെല്ലാം നിറവേറ്റുന്നതിന് വി.എസ്.ഇ എന്നു വിളിക്കാവുന്ന സൂപ്പർ ഏർലിക്കാവും. പഴുത്തു കഴിഞ്ഞാൽ ചുളകളെല്ലാം കറുമുറെ തിന്നാൻ സാധിക്കുന്നത്ര ദൃഢതയുള്ളത്. മധുരത്തിന്റെ കാര്യത്തിലാണെങ്കിൽ മുൻനിരയിൽ തന്നെ സ്ഥാനം. സുഗന്ധം ആരെയും ആകർഷിക്കുന്നത്. പഴുപ്പ് കൂടുന്നതനുസരിച്ച് സുഗന്ധവും കൂടിക്കൊണ്ടിരിക്കുകയേയുള്ളൂ. ഇടിച്ചക്ക തോരൻ മുതൽ ചക്കവരട്ടി വരെ കേരളത്തിനു പരിചിതമായ ചക്ക വിഭവങ്ങളെല്ലാം തയ്യാറാക്കാൻ സൂപ്പർ ഏർലി കൊണ്ടു സാധിക്കും. പുഴുക്ക് തയ്യാറാക്കാൻ ഒന്നാന്തരം. ചിപ്‌സ് വറുക്കാൻ അതിലേറെ മികച്ചത്. പഴം കൊണ്ടുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാനും ഇതു പിന്നിലല്ല.
ഒരു വർഷം രണ്ടു തവണ ചക്ക വിരിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ചക്കകളുണ്ടാകുന്നത് പ്രധാനമായും തായ്ത്തടിയിൽ മാത്രം. അതായത് മരംകയറ്റക്കാരെ ആരെയും കിട്ടിയില്ലെങ്കിലും വിളവെടുപ്പ് പ്രശ്‌നമേയല്ല. ഒന്നാം വർഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവിൽ വിളയുന്നതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ വിളവ് ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കും. അഞ്ചു വർഷത്തെ വളർച്ചയെത്തുമ്പോൾ ഒരേക്കറിൽ നിന്ന് 25-45 ടൺ വിളവാണു ലഭിക്കുക. ചക്കയൊന്നിന് ശരാശരി പത്തു കിലോഗ്രാം ഭാരമുണ്ടാകുമെന്നു കണക്കാക്കുന്നു.
സൂപ്പർ ഏർലി പ്ലാവിന്റെ നല്ല വളർച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തിൽ നിലവിലുള്ളത്. 25-38 ഡിഗ്രി സെൽഷ്യസ് താപനില, പ്രതിവർഷം 1000-3000 മില്ലിമീറ്റർ മഴ, സമുദ്രനിരപ്പിൽ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനൽക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പർ ഏർലി പ്ലാവിന്റെ വളർച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങൾ. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ പ്രധാനമായി ശ്രദ്ധിക്കാനുള്ളത് ചക്കകളുടെ എണ്ണം നിയന്ത്രിക്കുന്നതു മാത്രമാണ്.