കുമ്പളങ്ങ കൃഷിയിൽ കുറഞ്ഞ ചെലവിൽ മികച്ച ലാഭം

 ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. വലിയ സ്ഥലങ്ങളിലും വീട്ടുവളപ്പിലും ഒരുപോലെ കൃഷി ചെയ്യാം.
ഓലനും മോരുകറിയും ഉണ്ടാക്കുമ്പോൾ നാം ഓർക്കുന്ന പച്ചക്കറിയാണ് കുമ്പളം.

 

 ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. വലിയ സ്ഥലങ്ങളിലും വീട്ടുവളപ്പിലും ഒരുപോലെ കൃഷി ചെയ്യാം.
ഓലനും മോരുകറിയും ഉണ്ടാക്കുമ്പോൾ നാം ഓർക്കുന്ന പച്ചക്കറിയാണ് കുമ്പളം. അധികം മൂപ്പെത്താത്ത കുമ്പളത്തെ ഇളവൻ എന്ന് പേരിട്ട് വിളിക്കാനാണ് നമുക്കിഷ്ടം. ആയുർവേദത്തിൽ മരുന്നിന്റെ ഗുണമുള്ള കുമ്പളം വെള്ളരി വർഗത്തിൽപ്പെട്ട വിളയാണ്. പോഷകഗുണവും ഔഷധഗുണവുമുള്ള കുമ്പളം നമുക്ക് വീട്ടിൽ കൃഷി ചെയ്യാമല്ലോ. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ജലസേചനത്തെ ആശ്രയിച്ചും സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലങ്ങളിൽ ആവശ്യത്തിന് നനവ് നൽകിയുമാണ് കുമ്പളം കൃഷി ചെയ്യുന്നത്.

കാൽസ്യം, കോപ്പർ, സൾഫർ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, റൈബോഫ്‌ളേവിൻ, അന്നജം, കൊഴുപ്പ് എന്നിവയുടെയും കലവറയാണ് കുമ്പളം.

വിത്തുകൾ പലതരം

ഇന്ദു, കെ.എ.യു ലോക്കൽ എന്നിവയാണ് സാധാരണ കേരളത്തിൽ കൃഷി ചെയ്യുന്നത്. CO-1 എന്നയിനം കോയമ്പത്തൂരിലെ കാർഷിക സർവകലാശാല വികസിപ്പിച്ചതാണ്. ഹെക്ടറിന് 25 മുതൽ 30 ടൺ വരെ വിളവ് കിട്ടും. മൂപ്പെത്തിയാൽ 10 കിലോ വലിപ്പമുണ്ടാകുന്ന കായകളാണ് ഇതിന്റെ പ്രത്യേകത.

CO-2 എന്ന ഇനവും നല്ലയിനം കുമ്പളമാണ്. ഒരു ഹെക്ടറിൽ നിന്ന് 35 ടൺ വിളവ് കിട്ടും.

വിത്തുകൾ തടങ്ങളിലാണ് പാകുന്നത്. സാമാന്യം വലുപ്പമുള്ള തടത്തിൽ അഞ്ച് വിത്തുകൾ വരെ പാകിമുളപ്പിക്കാം. മുളച്ചു വരുമ്പോൾ നല്ല കരുത്തുള്ള മൂന്നെണ്ണം മാത്രം നിലനിർത്തി ബാക്കി പിഴുതുകളയുകയാണ് പതിവ്.

കൃഷി ചെയ്യുന്ന വിധം

ഒരു സെന്റിൽ 16 മുതൽ 20 ഗ്രാം വിത്ത് നടാൻ ആവശ്യമാണ്. തടങ്ങളെടുക്കുമ്പോൾ അകലം പാലിക്കണം. ചുരുങ്ങിയത് രണ്ടുമീറ്ററെങ്കിലും അകലം വേണം. ഒരടി ആഴത്തിലുള്ള കുഴിയാണ് നല്ലത്.

ഒരു സെന്റ് സ്ഥലത്തെ മണ്ണ് കിളച്ച് ഒരുക്കണം. ഉണങ്ങിയ ഇലകൾ കത്തിക്കണം. 50 കിലോ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഈ മണ്ണിൽ ചേർത്തിളക്കാം. മേൽമണ്ണുമായി കലർത്തി തയ്യാറാക്കിയ കുഴികളിലേക്കിട്ട് 50 ഗ്രാം കുമ്മായവും അതേ അളവിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചതും ചേർത്തിളക്കി നന്നായി നനയ്ക്കണം. ഇങ്ങനെയാണ് കൃഷിക്കായി സ്ഥലം തയ്യാറാക്കേണ്ടത്.

ചെടി വളർന്ന് പടർന്ന് പന്തലിക്കാൻ തുടങ്ങുന്ന സമയത്ത് ആദ്യമായി വളപ്രയോഗം നടത്തണം. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ മേൽവളമായി നൽകുമ്പോൾ 30 കി.ഗ്രാം പൊടിയാക്കി തടത്തിലിടണം. നന്നായി നനയ്ക്കണം. ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതും ബയോഗ്യാസ് സ്‌ളറിയും തടത്തിലൊഴിച്ചുകൊടുക്കാം.

കടലപ്പിണ്ണാക്ക് കുതിർത്ത് ചാണകവെള്ളം ഊറ്റിയെടുത്തതിനൊപ്പം ചേർത്ത് ഒഴിച്ചുകൊടുക്കാം. മഴക്കാലത്ത് പന്തൽ ഇട്ടുകൊടുക്കാം. നല്ല കരുത്തുള്ള പന്തൽ അല്ലെങ്കിൽ കായകളുടെ ഭാരം കാരണം ഒടിഞ്ഞുവീഴാം. പന്തലിലേക്ക് കുമ്പളത്തിന്റെ പ്രധാനവള്ളി കയറിക്കഴിഞ്ഞാൽ ചുവട്ടിൽ നിന്ന് പൊട്ടിവരുന്ന ചെറിയ വള്ളികൾ നശിപ്പിച്ചുകളഞ്ഞാൽ മാത്രമേ നിറയെ കായകളുണ്ടാകൂ.

രോഗബാധ തടയാൻ മാർഗങ്ങൾ

എപ്പിലാക്‌സ് വണ്ട്, വെള്ളീച്ച, എഫിഡുകൾ എന്നിവയെല്ലാമാണ് കുമ്പളത്തെ നശിപ്പിക്കുന്ന വില്ലൻമാർ. ഇലപ്പുള്ളിരോഗവും വേരുചീയലും പ്രതിരോധിക്കേണ്ടതും അത്യാവശ്യമാണ്.

പുഴുക്കളിൽ നിന്നും സംരക്ഷിക്കാൻ ചെറുതായി കായയുണ്ടാകുമ്പോൾ തന്നെ പോളിത്തീൻ കവർ കൊണ്ട് പൊതിയുകയോ കടലാസ് കൊണ്ട് കുമ്പിൾ കുത്തുകയോ ചെയ്‍താൽ മതി. മഞ്ഞക്കെണി, തുളസിക്കെണി, വെളുത്തുള്ളി-ബാർസോപ്പ് മിശ്രിതം എന്നിവ ഉപയോഗിച്ച് വെള്ളീച്ചകളെ തുരത്താം. പെരുവലം സത്തും വണ്ടുകളെ നശിപ്പിക്കാൻ നല്ലതാണ്.

മൊസൈക്ക് രോഗം ബാധിച്ചാൽ ചെടി നശിപ്പിച്ച് കളയണം. ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം ഇതിന് പ്രതിവിധിയാണ്.

തൈക്കുമ്പളവും പോഷകഗുണത്തിൽ കേമൻ

കേരളത്തിൽ നന്നായി കൃഷി ചെയ്യുന്നയിനമാണ് തൈക്കുമ്പളം. വിത്ത് നനഞ്ഞ തുണിയിൽ കെട്ടിവെച്ചാണ് മുളപ്പിക്കുന്നത്. നേരിട്ട് തടത്തിലേക്ക് പാകി മുളപ്പിക്കാം. അല്ലെങ്കിൽ തൈ മുളപ്പിച്ചെടുത്ത് അഞ്ച് ഇലകൾ വരുമ്പോൾ മാറ്റി നടാം.

കാലിവളവും വേപ്പിൻപിണ്ണാക്കും തന്നെയാണ് അടിവളമായി ചേർക്കുന്നത്. ഒരു തടത്തിൽ 50 ഗ്രാം യൂറിയ, 75 ഗ്രാം എല്ലുപൊടി, 30 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. വള്ളിയൂണ്ടാകാൻ തുടങ്ങുമ്പോഴും പൂവിടാൻ തുടങ്ങുമ്പോഴും 25 ഗ്രാം യൂറിയയും 30 ഗ്രാം പൊട്ടാഷും നൽകാം. രണ്ടര മാസം കൊണ്ട് വിളവെടുക്കാം.