പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു
പത്തനംതിട്ട: പൈനാപ്പിൾ വില കുത്തനെയിടിയുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 30 മുതൽ 33 രൂപവരെയാണ് വില ലഭിക്കുന്നത്. അതും വലിയ അളവിൽ, കുറഞ്ഞത് അരലോഡെങ്കിലും നൽകിയാൽ മാത്രമാണ് കിലോയ്ക്ക് ഈ വില കിട്ടുക. പഴുത്തതിനാണ് ഈ വില ലഭിക്കുന്നത്. വിളഞ്ഞ പച്ചപ്പൈനാപ്പിളിന് കിലോയ്ക്ക് 30 രൂപയിൽ താഴെയാണ് വില. ചെറിയ കഷണങ്ങളാക്കി മുളകുപൊടിയും മസാലയും ചേർത്ത് കേരളത്തിനുവെളിയിലെ വിൽപ്പനയ്ക്കായാണ് ഇവ കൊണ്ടുപോകുന്നത്.
ഒരേക്കറിന് വിളവെടുപ്പുവരെ നാലുലക്ഷം രൂപ കർഷകന് ചെലവാകും. കിലോയ്ക്ക് 50 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ പോകാൻ കഴിയൂ. സ്ഥലം പാട്ടത്തിനെടുത്താണ് ചെറുകിട കർഷകർ പലരും കൃഷിചെയ്യുന്നത്. ഇവർക്ക് ഇപ്പോൾ കിട്ടുന്ന വില പണിക്കൂലിക്കുപോലും തികയുന്നില്ല.
റബ്ബർ തൈവയ്ക്കുമ്പോൾ ഇടവിളയായി കൈതകൃഷി ചെയ്തിരുന്ന ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി, ചെങ്ങറ തോട്ടങ്ങളിലും എ.വി.ടി.യുടെ രാജഗിരി എസ്റ്റേറ്റിലും വ്യാപാരികൾ നേരിട്ടെത്തിയാണ് പൈനാപ്പിൾ ശേഖരിക്കുന്നത്. എന്നാൽ, യുദ്ധം നടക്കുന്നതിനാൽ ഗൾഫിലേക്കുള്ള കയറ്റുമതിയിൽ വന്ന ഇടിവ് വ്യാപാരികളെയും ബാധിച്ചു. യുദ്ധം വൻതോതിൽ പൈനാപ്പിൾ എടുത്തുകൊണ്ടുപോകുന്നത് കുറയാനിടയാക്കി. അടുത്തിടെയുണ്ടായ എറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ പൈനാപ്പിളിന് ലഭിക്കുന്നത്. അതിരുങ്കൽ, മാങ്കോട് എന്നിവിടങ്ങളിൽ വ്യാപകമായി പൈനാപ്പിൾ കൃഷിയുണ്ട്.
വിളവെത്തിയ പച്ച പൈനാപ്പിൾ കൂടുതലായി പോകുന്നത് ഡൽഹി, ജയ്‌പുർ എന്നിവിടങ്ങളിലേക്കാണ്. ഇവിടെയുണ്ടായ കനത്തമഴയും കേരളത്തിൽ പൈനാപ്പിൾ കർഷകർക്ക് തിരിച്ചടിയായി. റബ്ബർ തൈ നടുമ്പോൾ ആദ്യ മൂന്നുവർഷംവരെ ഇടവിളയായി പൈനാപ്പിൾ കൃഷിചെയ്യുന്നത് റബ്ബർ കർഷകർക്ക് സാമ്പത്തിക നേട്ടം നൽകുന്നതിനാലാണ് പലരും ഇടവിളയായി പൈനാപ്പിൾ തിരഞ്ഞെടുക്കുന്നത്.