വീട്ടിൽ പേര മരം വളർത്താം ; നല്ല വിളവ് ലഭിക്കാൻ ഇങ്ങനെ ചെയ്യാം
വളരെ കുറച്ച് പരിചരണത്തിലും നല്ല വിളവ് തരുന്ന ഫലവൃക്ഷങ്ങളിൽ ഒന്നാണ് പേരമരം. വീട്ടുമുറ്റത്തോ തോട്ടത്തിലോ എളുപ്പത്തിൽ വളർത്താനാകുന്ന ഇതിന് കുറഞ്ഞ ചെലവിൽ തന്നെ മികച്ച ഫലം ലഭിക്കും. വലിയ തോതിൽ വളപ്രയോഗം ആവശ്യമില്ലാത്തതും കർഷകർക്ക് അനുകൂലമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിൽ സുലഭമായി വളരുന്ന പേരയ്ക്ക് എല്ലായ്പ്പോഴും നല്ല ആവശ്യകതയുണ്ട്. വിറ്റാമിൻ എ, സി, ബി2, ഇ, കെ എന്നിവയും ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
വളരെ കുറച്ച് പരിചരണത്തിലും നല്ല വിളവ് തരുന്ന ഫലവൃക്ഷങ്ങളിൽ ഒന്നാണ് പേരമരം. വീട്ടുമുറ്റത്തോ തോട്ടത്തിലോ എളുപ്പത്തിൽ വളർത്താനാകുന്ന ഇതിന് കുറഞ്ഞ ചെലവിൽ തന്നെ മികച്ച ഫലം ലഭിക്കും. വലിയ തോതിൽ വളപ്രയോഗം ആവശ്യമില്ലാത്തതും കർഷകർക്ക് അനുകൂലമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിൽ സുലഭമായി വളരുന്ന പേരയ്ക്ക് എല്ലായ്പ്പോഴും നല്ല ആവശ്യകതയുണ്ട്. വിറ്റാമിൻ എ, സി, ബി2, ഇ, കെ എന്നിവയും ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
കാര്യമായ ശ്രദ്ധ നൽകാതെത്തന്നെ നല്ല വിളവ് നൽകുന്ന ഫലവർഗമായ പേര അൽപം ശ്രദ്ധ നൽകിയാൽ മികച്ച വിളവ് നൽകും. നന്നായി വളം നൽകുകയും വേനൽക്കാലത്ത് നനക്കുകയും സൂര്യപ്രകാശം ലഭിക്കുകയും ചെയ്താൽ വിളവ് പിന്നെയും കൂടും. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ അധികമാരും പേരകൃഷി പരീക്ഷിച്ചിട്ടില്ല. പേര വ്യാപകമായി കൃഷി ചെയ്യുന്ന ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും വരുന്നത്.
ഇനങ്ങൾ
അലഹബാദ് സഫേദ്, സർദാർ (ലഖ്നോ-49), ചിട്ടിദാർ, റെഡ് പ്ലെഷ്ഡ് (ചുവന്ന കാമ്പുള്ളത്), സീഡ്ലെസ്, അനക്കപ്പള്ളി, ബനാറസി, ഹഫ്സി, സ്മൂത്ത്, ഗ്രീൻ സ്മൂത്ത്, വൈറ്റ്, സഫ്രിയോർ, പെയിൽ അലഹബാദ്, ധാർവാർ എന്നിവയാണ് പേരയിലെ മികച്ചയിനങ്ങൾ.
എല്ലാ മണ്ണിലും പേര നന്നായി വളരും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നീർവാർച്ചയുള്ള മണൽ കലർന്ന പശിമയുള്ള മണ്ണാണ് നല്ലത്. മിതമായ രീതിയിൽ ലഭിക്കുന്ന മഴയാണ് പേരക്കക്ക് വളരാൻ അനുയോജ്യം. നന്നായി മഴ ലഭിക്കുന്ന ഇടങ്ങളിലെ പേരക്കക്ക് രുചിയും ഗുണവും കുറവായിരിക്കും.
കൃഷിരീതി
തനിവിളയായും ഇടവിളയായും പേര കൃഷി ചെയ്യാം. വിത്തിൽനിന്ന് തൈകൾ ഉൽപാദിപ്പിക്കാം. നല്ല ഇനം പേരയുടെ തൈകൾ നഴ്സറികളിൽനിന്ന് വാങ്ങാനും ലഭിക്കും.
ഒരു മീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് ആറു മീറ്റർ അകലത്തിൽ തൈകൾ നടാം. തൈകൾ നടുന്നതിന് മുമ്പുതന്നെ ചാണകവും മേൽമണ്ണും മണലും ചേർത്ത മിശ്രിതവും കുഴിയിൽ ഇടാം. ഈ കുഴികളിലാണ് തൈകൾ നടേണ്ടത്. നട്ടശേഷം പുതയിടണം. വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചുകൊടുക്കണം. നീളത്തിലുള്ള വലിയ തൈകളാണെങ്കിൽ മറിഞ്ഞുവീഴാതെ താങ്ങ് നൽകാൻ ശ്രദ്ധിക്കണം.
വളപ്രയോഗം
കായ്ച്ചുതുടങ്ങിയ ഒരു പേരക്ക് ഒരു വർഷം ഏകദേശം 80 കി. ഗ്രാം കാലിവളം, 434 ഗ്രാം യൂറിയ, 444 ഗ്രാം മസ്സൂറിഫോസ്, 434 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. രണ്ടുമൂന്ന് തവണകളായി മണ്ണിൽ ഈർപ്പം ഉള്ളപ്പോൾ ചേർത്തുകൊടുക്കുന്നതാണ് നല്ലത്. ആദ്യഘട്ടത്തിൽ ഒരു ചെടിക്ക് 217 ഗ്രാം യൂറിയ, 222 ഗ്രാം മസ്സൂറിഫോസ്, 217 ഗ്രാം പൊട്ടാഷ് എന്നിവ മേയ് -ജൂൺ മാസങ്ങളിൽ നൽകുക.
രണ്ടാംഘട്ടമായി 217 ഗ്രാം യൂറിയ, 222 ഗ്രാം മസ്സൂറിഫോസ്, 217 ഗ്രാം പൊട്ടാഷ് എന്നിങ്ങനെ ഒരു ചെടിക്ക് നൽകുക. പുളിരസമുള്ള മണ്ണിൽ രാസവള പ്രയോഗത്തിന് രണ്ടാഴ്ച മുമ്പ് കുമ്മായം/ ഡോളമൈറ്റ് മണ്ണിൽ ചേർത്തുകൊടുക്കുക.
നന വേണം
വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചുകൊടുക്കണം. തൈകൾ നട്ട് നാലു വർഷത്തിനുള്ളിൽ കായ്കൾ ലഭിച്ചുതുടങ്ങും. ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. 30 വർഷം മുതൽ 50 വർഷം വരെയാണ് പേരയുടെ ആയുസ്സ്. 10 വർഷമായ ചെടിയിൽനിന്ന് ഒരു വർഷം 500 മുതൽ 800 വരെ കായ്കൾ ലഭിക്കും. അമിതമായ മഴ സമയത്ത് കായ്കൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ടാകും.