ഇങ്ങനെ ചെയ്യൂ... കുരുമുളക് കൃഷിയിൽ പ്രധാന വില്ലനെ തുരത്താം ...!

കുരുമുളക് കൃഷിയെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായത് ഫൈറ്റോഫോത്താറ എന്ന കുമിൾ രോഗങ്ങളാണ്. കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമാകുന്ന ഈ രോഗകാരി, തെങ്ങിലെ കൂമ്പുചീയൽ, കമുകിലെ മഹാളി, റബറിലെ പിങ്ക് രോഗം തുടങ്ങിയ നിരവധി സസ്യരോഗങ്ങൾക്കും

 

 കുരുമുളക് കൃഷിയെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായത് ഫൈറ്റോഫോത്താറ എന്ന കുമിൾ രോഗങ്ങളാണ്. കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമാകുന്ന ഈ രോഗകാരി, തെങ്ങിലെ കൂമ്പുചീയൽ, കമുകിലെ മഹാളി, റബറിലെ പിങ്ക് രോഗം തുടങ്ങിയ നിരവധി സസ്യരോഗങ്ങൾക്കും പിന്നിലെ പ്രധാന വില്ലനാണ്. അമ്ലത കൂടുതലുള്ള മണ്ണിലാണ് ഫൈറ്റോഫോത്താറ വേഗത്തിൽ വളരുകയും വ്യാപിക്കുകയും ചെയ്യുന്നത്. ചുവടിളക്കൽ പോലുള്ള പ്രവർത്തനങ്ങൾക്കിടെ വേരുകളിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ഈ കുമിൾ സസ്യത്തിനുള്ളിലേക്ക് കടന്ന് കുരുമുളക് വള്ളികളെ ബാധിക്കാറുണ്ട്.

ദ്രുതവാട്ടത്തെ തുരത്തുന്നതിലെ ആദ്യപടിയായി തോട്ടത്തിലെ രോഗബാധിതമായ എല്ലാ കുരുമുളക്‌ ചെടികളും വേരോടെ പിഴുത് കത്തിച്ചുകളയണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നീർവാർച്ച ഉറപ്പാക്കണം. കുരുമുളക്‌ ചെടിക്ക്‌ പുതയിടുന്നതും ആവരണവിള പടർത്തുന്നതും മണ്ണ് ഇലകളിൽ തെറിച്ച് രോഗം പടരാതിരിക്കാൻ സഹായിക്കും. താങ്ങുമരങ്ങളുടെ കൊമ്പ് കോതികൊടുത്ത് വള്ളിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം.

മണ്ണിലെ പുളിരസം കുറയ്‌ക്കുന്നതിനായി ഏപ്രിൽ–മെയ് മാസത്തിൽ ചെടിയൊന്നിന് ഒരു കിലോഗ്രാം കുമ്മായം ചേർത്ത് കൊടുക്കണം. കാലവർഷത്തിനുമുമ്പായി സ്യൂഡോമോണസ് ഫ്ലൂറസൻസ് ഉപയോഗിച്ച് തടം കുതിർക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. കുമ്മായം ചേർത്ത് നാലാഴ്ചയ്‌ക്കുശേഷം ട്രൈക്കോഡർമ വളർത്തിയ ജൈവവളം ചേർത്തുകൊടുക്കുന്നത് ഫൈറ്റോഫോത്താറയെ തുരത്തും.


ഇതിനായി 90 കിലോഗ്രാം ചാണകപ്പൊടിയിൽ 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചേർത്ത മിശ്രിതത്തിൽ ഒന്നുമുതൽ രണ്ടു കിലോഗ്രാംവരെ ട്രൈക്കോഡർമ വിതറിയശേഷം ആവശ്യത്തിന് വെള്ളം തളിച്ച് നല്ലതുപോലെ ഇളക്കിച്ചേർക്കണം. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തിൽ കൂനകൂട്ടി ഈർപ്പമുള്ള ചാക്കുപയോഗിച്ച് മുടിവയ്‌ക്കാം. ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈർപ്പം നൽകി വീണ്ടും കൂനകൂട്ടി മൂടിയിടുക. അഞ്ചു ദിവസം കഴിഞ്ഞാൽ തടമൊന്നിന് മൂന്നു കിലോഗ്രാം എന്നതോതിൽ ചേർത്ത് കൊടുക്കാം.