ഓണത്തിന് സ്വന്തം പച്ചക്കറികളും പൂക്കളും വേണോ? വിത്തിടാൻ പറ്റിയ സമയം ഇതാണ്

 ഓണസീസണിൽ സ്വന്തം വീട്ടിലെ പച്ചക്കറികളും പൂക്കളും ഉപയോഗിക്കണമെങ്കിൽ കൃഷിക്ക് തുടക്കമിടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. മഴക്കാലത്തിന്റെ അനുകൂല കാലാവസ്ഥ വിത്തുകൾ വേഗത്തിൽ മുളയ്ക്കാനും ചെടികൾ ആരോഗ്യത്തോടെ വളരാനും സഹായിക്കുന്നതിനാൽ ജൂൺ–ജൂലൈ മാസങ്ങൾ കൃഷി ആരംഭിക്കാൻ ഏറെ അനുയോജ്യമാണ്. ഓണത്തിന് ആവശ്യമായ പച്ചക്കറികളും അത്തപ്പൂക്കളത്തിനുള്ള പൂക്കളും കൃത്യസമയത്ത് ലഭിക്കാൻ ഇപ്പോൾ തന്നെ വിത്ത് പാകുന്നത് മികച്ച ഫലം നൽകും.

 

 ഓണസീസണിൽ സ്വന്തം വീട്ടിലെ പച്ചക്കറികളും പൂക്കളും ഉപയോഗിക്കണമെങ്കിൽ കൃഷിക്ക് തുടക്കമിടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. മഴക്കാലത്തിന്റെ അനുകൂല കാലാവസ്ഥ വിത്തുകൾ വേഗത്തിൽ മുളയ്ക്കാനും ചെടികൾ ആരോഗ്യത്തോടെ വളരാനും സഹായിക്കുന്നതിനാൽ ജൂൺ–ജൂലൈ മാസങ്ങൾ കൃഷി ആരംഭിക്കാൻ ഏറെ അനുയോജ്യമാണ്. ഓണത്തിന് ആവശ്യമായ പച്ചക്കറികളും അത്തപ്പൂക്കളത്തിനുള്ള പൂക്കളും കൃത്യസമയത്ത് ലഭിക്കാൻ ഇപ്പോൾ തന്നെ വിത്ത് പാകുന്നത് മികച്ച ഫലം നൽകും.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് മാത്രമല്ല, വീട്ടുവളപ്പിലും ടെറസ് ഗാർഡനിലും ചെറിയ സ്ഥലമുള്ളവർക്കും ഈ സമയം ഫലപ്രദമായി പ്രയോജനപ്പെടുത്താം. വഴുതന, വെണ്ട, പയർ, വെള്ളരി, മുളക്, തക്കാളി, പാവൽ തുടങ്ങിയ നാടൻ പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി, സൂര്യകാന്തി തുടങ്ങിയ പൂച്ചെടികളും ഇപ്പോൾ നട്ടാൽ ഓണസമയത്ത് മികച്ച വിളവ് ലഭിക്കും. അല്പം ശ്രദ്ധയും പരിചരണവും നൽകിയാൽ വിഷരഹിതമായ പച്ചക്കറികളും പുതുമയാർന്ന പൂക്കളും സ്വന്തം വീട്ടിൽ തന്നെ വിളയിച്ച് ഓണത്തെ കൂടുതൽ മനോഹരമാക്കാം.

കൃഷി വകുപ്പ് നൽകുന്ന സഹായങ്ങൾ 

സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിന്റെ ഭാഗമായി 100 രൂപയുടെ സങ്കരയിനം പച്ചക്കറി വിളകളുടെ വിത്ത് പാക്കറ്റുകൾ, ഹൈബ്രിഡ് പച്ചക്കറി തൈകൾ, 10 രൂപയുടെ അസോർട്ടഡ് പച്ചക്കറി വിത്ത് പാക്കറ്റുകൾ എന്നിവ കൃഷിഭവനുകളിലൂടെ താമസിയാതെ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ തൈകളും സൗജന്യമായി നൽകും. 

കൂടാതെ സംസ്ഥാനമൊട്ടാകെ ഒരു ലക്ഷം പോഷകത്തോട്ടങ്ങളും നിർമിക്കും. സ്ഥലപരിമിതിയുള്ള കർഷകർക്കു മട്ടുപ്പാവു കൃഷിയ്ക്കായി 25 വിവിധയിനം പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ച മൺചട്ടി/എച്ച്ഡിപിഇ ഗ്രോബാഗ് യൂണിറ്റുകളും നൽകും. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാൻ ഹെക്ടറൊന്നിന് ഒരു ലക്ഷം രൂപ സഹായത്തോടെ 110 ഹെക്ടർ സ്ഥലത്തു കൃത്യതക്കൃഷി നടപ്പിലാക്കും. 3 മുതൽ 5 ഹെക്ടർ സ്ഥലത്തു കൃഷി ചെയ്യുന്ന കർഷക ക്ലസ്റ്ററുകൾക്കു 1.25 ലക്ഷം രൂപ നിരക്കിൽ സഹായം നൽകും. പന്തൽക്കൃഷിക്ക് ക്ലസ്റ്ററൊന്നിന് 25,000 രൂപയും അല്ലാത്തവർക്ക് 20,000 രൂപയും സഹായം നൽകും. ശീതകാല പച്ചക്കറി ഇനങ്ങൾക്ക് ഹെക്ടറിന് 30,000 രൂപയും പരമ്പരാഗത ഇനങ്ങൾക്ക് 25,000 രൂപയും സഹായം നൽകും.

വിത്ത് എവിടെനിന്ന്

കൃഷിഭവനുകൾക്കു പുറമേ കൃഷിവകുപ്പ് ഫാമുകൾ, കാർഷിക സർവകലാശാല, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നും നല്ലയിനം വിത്തുകൾ ലഭിക്കും.

വളപ്രയോഗംജൈവവളങ്ങൾക്കു പുറമേ മട്ടുപ്പാവു കൃഷിക്കനുയോജ്യമായ ജലലേയ വളങ്ങളും (വെള്ളത്തിലലിയുന്നവ) നാനോ വളങ്ങളും വിപണിയിൽ ലഭ്യമാണ്. ജലലേയ വളങ്ങളായ എൻപികെ 19–19–19, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സൾഫേറ്റ് തുടങ്ങിയ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ 5 മുതൽ 10 ഗ്രാം/ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ നൽകാം. നാനോ വളങ്ങളായ നാനോ യൂറിയ, നാനോ ഡിഎപി 5 മില്ലി/ ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുന്നതു നല്ല വളർച്ച ഉറപ്പാക്കും. വിത്ത്/തൈ/തണ്ട്/വേര് പരിചരണം, ഇലകളിലെ സ്പ്രേ എന്നിവയ്ക്കു നാനോ ഡിഎപി നൽകാം. വിത്തുമുളയ്ക്കാനും തൈകൾ കരുത്തോടെ വളരാനുമൊക്കെ ഇതു സഹായിക്കും. പത്തോളം അവശ്യ മൂലകങ്ങളും സസ്യഹോർമോണുകളും അടങ്ങിയ സാഗരിക, കടൽപായൽ സത്ത്, ധരാമൃത് തുടങ്ങിയ ജൈവ ഉത്തേജകങ്ങളും പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കാം. കാർഷിക സർവകലാശാലയുടെ സൂക്ഷ്മമൂലകക്കൂട്ടുകളായ അയർ, കെഎയു സമ്പൂർണ മൾട്ടി മിക്സ്, പച്ചക്കറി മിക്സ് എന്നിവ മികച്ച വിളവൊരുക്കാൻ സഹായിക്കും. വരൂ, ഓണക്കാലത്തു വിളവെടുക്കാൻ ഇപ്പോൾ നമുക്കു വിത്തിടാം.