പോഷകസമൃദ്ധമായ പാഷൻ ഫ്രൂട്ട് വീട്ടിൽ വളർത്താം

 പാഷൻ ഫ്രൂട്ട് ഒരു സാധാരണ പഴമെന്നു കരുതുന്നത് വലിയ തെറ്റാണ്. പോഷകസമൃദ്ധിയും ഔഷധഗുണങ്ങളും നിറഞ്ഞ ഈ പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്ഷീണം, തളർച്ച, ദാഹം എന്നിവ അനുഭവപ്പെടുമ്പോൾ ഒരു ഗ്ലാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് തന്നെ നല്ല ഉന്മേഷം നൽകും.

 

 പാഷൻ ഫ്രൂട്ട് ഒരു സാധാരണ പഴമെന്നു കരുതുന്നത് വലിയ തെറ്റാണ്. പോഷകസമൃദ്ധിയും ഔഷധഗുണങ്ങളും നിറഞ്ഞ ഈ പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്ഷീണം, തളർച്ച, ദാഹം എന്നിവ അനുഭവപ്പെടുമ്പോൾ ഒരു ഗ്ലാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് തന്നെ നല്ല ഉന്മേഷം നൽകും.

നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നാഡീബന്ധമായ പ്രശ്നങ്ങൾക്കും ഉറക്കക്കുറവിനും ഇത് സഹായകരമാണ്. ദിവസേന പാഷൻ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും.

വൈവിധ്യമേറിയ ഉത്പന്നങ്ങൾ

പാഷൻ ഫ്രൂട്ടിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കാം. ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാൻ അത്യുത്തമമാണ് പാഷൻ് ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താൽ പുളിക്ക് പകരമായി കറികളിൽ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേർത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. പച്ച കായ എടുത്ത് കാന്താരി മുളകും ഉപ്പും ചേർത്ത് അരച്ചെടുത്താൽ നല്ല ചമ്മന്തി തയ്യാറാക്കാം. പാഷൻ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേർന്നു വരുന്ന അപൂർവ്വ സ്വാദാണ് ഈ പാനീയത്തിന്.

പാഷൻ ഫ്രൂട്ട് മഞ്ഞയും പർപ്പിളും

രണ്ടുതരം പാഷൻ ഫ്രൂട്ടിനും വ്യത്യസ്ത രുചികളാണുളളത്. സാധാരണയായി പാഷൻ ഫ്രൂട്ടെന്നു പറഞ്ഞാൽ മനസ്സിൽ തെളിയുന്നത് കടും മഞ്ഞ നിറത്തിലുളള പഴമാണ്. പർപ്പിൾ നിറത്തിലുളള പഴം പലർക്കും പരിചയമില്ല. മഞ്ഞ നിറത്തിലുളള പഴത്തിന് പുളി രസമാണ് മേമ്പൊടി. എന്നാൽ നന്നായി പാകമായ പർപ്പിൾ പാഷൻ ഫ്രൂട്ടിന് കടും മധുരമാണ്. കഴിക്കാനായി പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ലെന്നർത്ഥം. കടും പച്ച നിറത്തിലുളള കായകൾ പഴുക്കുമ്പോഴാണ് നിറം മാറുന്നത്. പർപ്പിൾ നിറത്തിലുളള പഴം പാകമായി തൊണ്ട് ചുളിഞ്ഞു തുടങ്ങിയാൽ കാമ്പ് നല്ല മധുരമായെന്ന് മനസ്സിലാക്കാം.

എങ്ങിനെ കൃഷി ചെയ്യാം

നമ്മുടെ കാലാവസ്ഥയിൽ് നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാൻ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേർക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേൽ്മണ്ണുമിട്ട് കുഴി നിറയ്ക്കണം. പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നൽകാം. ഈർപ്പവും ജൈവാംശവും ഉള്ള മണ്ണിൽ പാഷൻ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം.

മെയ് - ജൂൺ മാസങ്ങളിലും സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും പാഷൻ ഫ്രൂട്ട് പൂവിടും. മണ്ണിൽ നട്ട് ടെറസ്സിലേക്ക് പടർത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. ചെടി പടർന്നു പന്തലിച്ചാൽ താഴെയുളള മുറികൾ ശീതീകരിച്ചതിനു തുല്യമാണ്. കൂടെക്കൂടെ ഇല കൊഴിഞ്ഞ് ടെറസ് വൃത്തിഹീനവുമാകില്ല. തൈകൾ വളർന്ന് എട്ടു മാസം കഴിയുമ്പോൾ തണ്ടിനു മൂപ്പാകും. തണ്ടുകൾ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.

നല്ല തൈകൾ നട്ടാൽ എട്ടു വർഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോൾ പ്രൂണിംഗ് (കൊമ്പുകോതൽ) നടത്തിയാൽ കൂടുതൽ ശിഖരങ്ങൾ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വർധിപ്പിക്കാം. ചെടികളുടെ വളർച്ചയ്ക്കും ഉത്പാദന വർധനവിനും തേനീച്ചകൾ സഹായിക്കുമെന്നതിനാൽ തേനിച്ച പെട്ടികൾ സ്ഥാപിക്കുകയുമാവാം.