ചെറുനാരങ്ങ വീട്ടിൽ തന്നെ നട്ടുവളർത്താം 

 ലോകവ്യാപകമായി വലിയ പ്രാധാന്യമുള്ള ഫലങ്ങളിലൊന്നായ ചെറുനാരങ്ങ ഉത്പാദനത്തിൽ ആറാം സ്ഥാനത്താണ്. ഔഷധഗുണവും പോഷകഗുണവുമുള്ളതിനാൽ വിവിധ വിഭവങ്ങളിലും ജ്യൂസുകളിലും ചെറുനാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നു.

 

 ലോകവ്യാപകമായി വലിയ പ്രാധാന്യമുള്ള ഫലങ്ങളിലൊന്നായ ചെറുനാരങ്ങ ഉത്പാദനത്തിൽ ആറാം സ്ഥാനത്താണ്. ഔഷധഗുണവും പോഷകഗുണവുമുള്ളതിനാൽ വിവിധ വിഭവങ്ങളിലും ജ്യൂസുകളിലും ചെറുനാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നു. ലെമൺ റൈസ് എന്ന വേറിട്ടൊരു വിഭവം പോലും ഇതിലൂടെ തയ്യാറാക്കപ്പെടുന്നു. ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമായി അടങ്ങിയതിനാൽ ചെറുനാരങ്ങ ഒരു അവശ്യവസ്തുവാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ആവശ്യമായ ഫ്‌ളവനോയിഡുകളും പൊട്ടാസ്യവും ഫോളേറ്റുകളും അടങ്ങിയ ചെറുനാരങ്ങ വീടുകളിൽ തന്നെ വളർത്തി വിളവെടുക്കാനും കഴിയും.

എല്ലാ തരത്തിലുള്ള മണ്ണിലും വളരാനുള്ള കഴിവ് ചെറുനാരങ്ങയുടെ തൈകൾക്കുണ്ട്. 5.5 നും 7.0 നും ഇടയിൽ പി.എച്ച് മൂല്യമള്ള മണ്ണാണ് അനുയോജ്യം. നല്ല നീർവാർച്ചയുള്ളയുള്ള മണ്ണിൽ നാലാം വർഷം മുതൽ ചെറുനാരങ്ങ കായ്ച്ചു തുടങ്ങും. 15 മുതൽ 20 വർഷം വരെ വിളവെടുക്കാം. 20 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള കാലാവസ്ഥയാണ് ആവശ്യം.

പ്രധാനപ്പെട്ട ഇനങ്ങൾ

യുറേക്ക, പഞ്ചാബ് ഗൽഗൽ, പി.എ.യു ബരാമസി, പി.എ.യു ബരാമസി-1, രസ് രാജ്, ലിസ്ബൺ ലെമൺ, പാന്റ് ലെമൺ, ആസ്സാം ലെമൺ, ഇറ്റാലിയൻ ലെമൺ, മാൾട്ട ലെമൺ, ലക്‌നൗ സീഡ്‌ലെസ് എന്നിവയാണ് പ്രധാന ഇനങ്ങൾ.

കൃഷി ചെയ്യാം

കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണ് നന്നായി കിളച്ചൊരുക്കണം. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള സമയമാണ് ചെറുനാരങ്ങ കൃഷി ചെയ്യാൻ അനുയോജ്യം. ഒരു ഏക്കറിൽ 208 മുതൽ 250 വരെ ചെടികൾ കൃഷി ചെയ്യാം. 60 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴിയാണ് തൈകൾ നടാൻ എടുക്കേണ്ടത്.

ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 20 കി.ഗ്രാം ചാണകപ്പൊടിയും 100 മുതൽ 300 ഗ്രാം വരെ യൂറിയയും നൽകാം. ഏഴാം വർഷം മുതൽ ഒമ്പതാം വർഷം വരെ 30 കി. ഗ്രാം ചാണകപ്പൊടിയും 400 മുതൽ 500 ഗ്രാം യൂറിയയും നൽകാം. 10 വർഷത്തിൽ കൂടുതൽ  വളർച്ചയുള്ള ചെടിക്ക് 100 കി. ഗ്രാം ചാണകപ്പൊടിയും 800 മുതൽ 600 ഗ്രാം യൂറിയയും നൽകാം.

അഴുകിപ്പൊടിഞ്ഞ് ചാണകപ്പൊടി ഡിസംബർ മാസത്തിലും യൂറിയ രണ്ട് ഭാഗങ്ങളായി ഫെബ്രുവരിയിലും മെയിലും നൽകുന്നതാണ് അനുയോജ്യം. ആവശ്യത്തിൽക്കൂടുതൽ നനച്ചാൽ വേര് ചീയൽ ബാധിക്കും. തണുപ്പുകാലത്ത് വളരെ മിതമായ രീതിയിൽ നനച്ചാൽ മതി. കൃത്യമായ ഇടവേളകളിലുള്ള ജലസേചനമാണ് ആവശ്യം. പ്രൂണിങ്ങ് നടത്തുമ്പോൾ തറനിരപ്പിൽ നിന്നും 50 സെ.മീ ഉയരത്തിലുള്ള ശാഖകൾ മുറിച്ചു മാറ്റണം. അസുഖം ബാധിച്ചതും ഉണങ്ങിയതും നശിച്ചതുമായ ചില്ലകൾ ഒഴിവാക്കണം.

ചെറുനാരങ്ങയുടെ ചെടികളെ ബാധിക്കുന്ന രോഗങ്ങൾ

ലീഫ് മൈനർ ആണ് പ്രധാനപ്പെട്ട രോഗം. ക്വിനാൾഫോസ് 1.25 മി.ലീ അളവിൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ ഒരിക്കൽ തളിക്കാം.

സിട്രസ് ബ്ലാക്ക് ഫ്‌ളൈയും വൈറ്റ് ഫ്‌ളൈയും ആണ് അടുത്ത ശത്രുക്കൾ. ഒരു ലിറ്റർ വെള്ളത്തിൽ അസെഫേറ്റ് 1.25 ഗ്രാം കലക്കി തളിക്കാം.

സിട്രസ് ത്രിപ്‌സ്, ട്രങ്ക് ബോറെർ, ബാർക് ഈറ്റിങ്ങ് കാറ്റർപില്ലർ, മീലി മൂട്ട, ആന്ത്രാക്‌നോസ് എന്നിവയും ചെറുനാരങ്ങയെ ബാധിക്കുന്നു. ജൈവകീടനാശിനി ഉപയോഗിച്ച് ഇതെല്ലാം പ്രതിരോധിക്കാം.

വിളവെടുക്കാം

150 മുതൽ 160 വരെ ദിവസങ്ങൾ കൊണ്ടാണ് ചെറുനാരങ്ങ പൂർണ വളർച്ചയെത്തി വിളവെടുക്കുന്നത്. അഞ്ച് വർഷമാകുമ്പോൾ പഴങ്ങൾ ഉണ്ടാകാൻ തുടങ്ങും. ഒരു വർഷത്തിൽ മൂന്നോ നാലോ തവണ പറിച്ചെടുക്കാം.

അഞ്ചാം വർഷത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് നിന്നും 55 മുതൽ 70 വരെ ചെറുനാരങ്ങകൾ ലഭിക്കും. എട്ടാം വർഷം ആകുമ്പോൾ 1000 മുതൽ 1500 വരെ കായകൾ ലഭിക്കും. ഒരു ചെറുനാരങ്ങച്ചെടിയുടെ ഉത്പാദന കാലയളവ് ഏകദേശം 20 വർഷമാണ്.