ഉയർന്ന വിലയും മികച്ച വിളവും ; വിജയ് കുരുമുളകിന് പ്രിയമേറുന്നു
‘വിജയ്’ എന്ന പുതിയ ഇനക്കുരുമുളക് കർഷകരുടെ ശ്രദ്ധ നേടുകയാണ്. ഉയർന്ന വിലയും മികച്ച ഗുണനിലവാരവും കാരണം നാട്ടിൻപുറങ്ങളിൽ ഈ ഇനം വേഗത്തിൽ പ്രചാരം നേടുന്നു.
ഏകദേശം 20 വർഷത്തെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തതാണ് വിജയ് കുരുമുളക്. കേരളത്തിൽ നിലവിൽ കൃഷി ചെയ്യുന്ന മറ്റ് ഇനങ്ങളെ അപേക്ഷിച്ച് വിളവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ഇത് ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ കൂടുതൽ കർഷകർ ഈ ഇനം തിരഞ്ഞെടുക്കാൻ താൽപര്യം കാണിക്കുന്നു.
നീളമുള്ള ചില്ലകൾ, നല്ല മുഴുത്ത തൂക്കമുള്ള മണികൾ, ഇടതൂർന്ന വളർച്ച, ഉരുണ്ട ശക്തമായ വേരുകൾ, ഇളം കടും പച്ച, ഇടത്തരം മുതൽ വലിയ ഇലകൾ എന്നിവ തിരിച്ചറിയാൻ കഴിയും. തണൽ പ്രദേശങ്ങൾക്ക് അനുയോജ്യമായ പന്നിയൂർ രണ്ട്, നീലമുണ്ടി എന്നിവയുടെ സങ്കരയിനമാണിത്. 19 സെൻറിമീറ്റർ വരെ നീളമുള്ള തിരി, പൂർണ വലുപ്പമുള്ള മണികൾ, 42 ശതമാനം വരെ ഉണക്കൽ എന്നിവയാണ് സവിശേഷതകൾ. മാതൃവള്ളികളുടെ ജനിതക സ്വഭാവം എന്ന നിലയിൽ തണൽ പ്രദേശങ്ങളിലും ഇടവിളകളിലും കൃഷി ചെയ്യാൻ അനുയോജ്യം.
4.72 ശതമാനം പൈപ്പറിൻ, 10.19 ശതമാനം ഒലിയോറെസിൻ, 3.33 ശതമാനം എണ്ണ എന്നിവ അടങ്ങിയ ഹെക്ടറിൽനിന്ന് ശരാശരി വിളവ് 2646 കിലോ ഉണക്ക കുരുമുളകാണ്. കോൺക്രീറ്റ് തൂണുകളിലും ഈ ഇനംനട്ട് വളർത്താമെന്ന പ്രത്യേകതയുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കർഷകരുടെ ആവശ്യം പരിഗണിച്ച് വിജയ് കുരുമുളകിെൻറ നടീൽ വസ്തുക്കൾ കൃഷിഭവന് കീഴിലുള്ള കരിമ്പ ഇക്കോഷോപ്പിൽ ലഭ്യമാണ്.