ഡ്രോണുമായി ദീദിമാര്‍; കാസര്‍കോടന്‍ കാര്‍ഷിക മേഖലയില്‍ പെണ്‍കരുത്തിന്റെ ഹൈടെക് പറക്കല്‍

ഏക്കറുകള്‍ നീണ്ടുകിടക്കുന്ന കൃഷിയിടത്തില്‍ വളമിടാനും കീടനാശിനി തളിക്കാനും ആളെ കിട്ടാതെ വിഷമിക്കുന്ന കര്‍ഷകരുടെ കാലം കഴിഞ്ഞു. കാസര്‍കോട്ടുകാര്‍ക്ക് ഇനി ആ പരാതിയില്ല.

 

കാസർ​ഗോട് :  ഏക്കറുകള്‍ നീണ്ടുകിടക്കുന്ന കൃഷിയിടത്തില്‍ വളമിടാനും കീടനാശിനി തളിക്കാനും ആളെ കിട്ടാതെ വിഷമിക്കുന്ന കര്‍ഷകരുടെ കാലം കഴിഞ്ഞു. കാസര്‍കോട്ടുകാര്‍ക്ക് ഇനി ആ പരാതിയില്ല. കാരണം, പറന്നു ചെന്ന് പണിതീര്‍ക്കാന്‍ ജില്ലയിലെ പാടശേഖരങ്ങളില്‍ ഇപ്പോള്‍ ഡ്രോണ്‍ ദീദിമാര്‍ സജീവമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നമോ ഡ്രോണ്‍ ദീദി പദ്ധതിയുടെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ഏഴംഗ വനിതാ സംഘം ഡ്രോണ്‍ സഹായത്തോടെയുള്ള കൃഷി പരിപാലനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടു കൊല്ലമായി ജില്ലയിലെ കര്‍ഷകര്‍ക്ക് ഈ പദ്ധതി വലിയ തോതില്‍ ഉപകാരപ്പെടുന്നുണ്ട്. ഇതിനോടകം ജില്ലയിലെ 228 കര്‍ഷകരുടെ 600 ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലാണ് ഈ ഡ്രോണ്‍ സേവനം ലഭിച്ചത്. മണിക്കൂറുകളോ ദിവസങ്ങളോ എടുക്കുന്ന ജോലികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ കൃത്യതയോടെ തീര്‍ക്കാന്‍ ഈ ഡ്രോണ്‍ ദീദിമാര്‍ക്ക് സാധിക്കുന്നുണ്ട്. ഇത് സമയലാഭത്തോടൊപ്പം കര്‍ഷകരുടെ അധ്വാനഭാരവും ഗണ്യമായി കുറയ്ക്കുന്നു. കൃത്യമായ പരിശീലനം പൂര്‍ത്തിയാക്കി ഇവര്‍ കര്‍മരംഗത്ത് സജീവമായതോടെ കാസര്‍കോടിന്റെ കാര്‍ഷിക മേഖലയില്‍ വലിയൊരു പുതുമാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.

കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനൊപ്പം വനിതകള്‍ക്ക് സ്വയം തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  കഴിഞ്ഞ രണ്ടു വര്‍ഷത്തെ വിജയകരമായ മുന്നേറ്റത്തിന് ശേഷം പദ്ധതി കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ് കുടുംബശ്രീ മിഷന്‍. ഈ വനിതാ ഡ്രോണ്‍ പൈലറ്റുമാരുടെ സേവനം ജില്ലയിലെ കൂടുതല്‍ കാര്‍ഷിക മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതുവഴി ഇവര്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും ഉയര്‍ന്ന വരുമാനവും ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഡ്രോണ്‍ ദീദിമാരുടെ സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാവുന്നതാണ്.