വീട്ടിൽ വളർത്താം രുചികരമായ ഈ പഴം 

 വിദേശ ഫലവർഗങ്ങളിൽ രുചിയും രൂപഭംഗിയും കൊണ്ട് ശ്രദ്ധേയമായ ഒന്നാണ് റൊളീനിയ. ആത്തപ്പഴത്തോട് സാമ്യമുള്ള ഈ പഴം പാകമാകുമ്പോൾ തിളക്കമുള്ള മഞ്ഞനിറം കൈവരിക്കുകയും മധുരവും മൃദുവുമായ ഉൾഭാഗം കൊണ്ട് ഫലപ്രേമികളുടെ ഇഷ്ടവിഭവമായി മാറുകയും ചെയ്യുന്നു. ബ്രസീലിൽ ‘ബിരിബാ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫലത്തിന് നമ്മുടെ നാട്ടിലും പ്രചാരം വർധിച്ചുവരികയാണ്.
 

 വിദേശ ഫലവർഗങ്ങളിൽ രുചിയും രൂപഭംഗിയും കൊണ്ട് ശ്രദ്ധേയമായ ഒന്നാണ് റൊളീനിയ. ആത്തപ്പഴത്തോട് സാമ്യമുള്ള ഈ പഴം പാകമാകുമ്പോൾ തിളക്കമുള്ള മഞ്ഞനിറം കൈവരിക്കുകയും മധുരവും മൃദുവുമായ ഉൾഭാഗം കൊണ്ട് ഫലപ്രേമികളുടെ ഇഷ്ടവിഭവമായി മാറുകയും ചെയ്യുന്നു. ബ്രസീലിൽ ‘ബിരിബാ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫലത്തിന് നമ്മുടെ നാട്ടിലും പ്രചാരം വർധിച്ചുവരികയാണ്.

റൊളീനിയ മ്യൂക്കോസ, റൊളീനിയ ഡെലിക്കോസ എന്നീ രണ്ട് പ്രധാന ഇനങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഹൃദയാകൃതിയിലുള്ള പഴത്തിന്റെ പുറംഭാഗം മൃദുവായ മുള്ളുകൾ പോലെയുള്ള ഘടനയാൽ പൊതിഞ്ഞതാണ്. പഴത്തിന് മഞ്ഞനിറമാകുമ്പോഴാണ് വിളവെടുക്കാൻ അനുയോജ്യമായ സമയം. കൂടുതൽ പഴുത്താൽ മുള്ളുകളുടെ അഗ്രഭാഗം കറുത്ത നിറത്തിലാകും. വെളുത്ത നിറവും നേരിയ സുഗന്ധവുമുള്ള പൾപ് ചെറിയ സ്പൂൺ ഉപയോഗിച്ച് കഴിക്കാം. കുരുക്കൾ ഒഴിവാക്കി നേരിട്ട് കഴിക്കുന്നതാണ് പതിവ്. കൂടാതെ, ചില ഷെഫുമാർ റൊളീനിയ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ബ്രസീലിൽ ഈ പഴം വൈൻ നിർമ്മാണത്തിനും ഉപയോഗിക്കുന്നതായി അറിയപ്പെടുന്നു.

കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമുള്ള ഈ പഴം വൈറ്റമിൻ സി, ഇരുമ്പ് എന്നിവയാലും സമ്പന്നമാണ്. മാംസ്യം, അന്നജം എന്നിവ വേണ്ടുവോളമുണ്ട്. കൂടാതെ ലൈസിൻ, മെതിയോണൈൻ, ത്രിയൊണൈൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. 20 സെ.മീ. വ്യാസവും ഒന്നര കിലോ തൂക്കവുമുള്ള പഴങ്ങൾവരെ ഇതിൽനിന്നു ലഭിക്കാറുണ്ട്. ആമസോൺമേഖലയിൽനിന്ന് അമേരിക്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ വഴിയെത്തിയ ഈ പഴം നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും.

വിത്തു കിളിർത്തുണ്ടാകുന്ന റൊളീനിയ, രണ്ടാം വർഷം പൂവിടുമെങ്കിലും പൊതുവെ മൂന്നാം വർഷം മുതലാണ് കൂടുതൽ ഫലം നൽകുക. പതിവായി പൂവിടാറുള്ളതിനാൽ വർഷത്തിൽ 4 തവണയെങ്കിലും പഴം കിട്ടുമെന്നതും റൊളീനിയയുടെ മെച്ചമാണ്. പൂവിട്ടു രണ്ടു മാസം കഴിയുമ്പോൾ വിളവെടുത്തുതുടങ്ങാം. വളർച്ചയെത്തിയ മരത്തിൽനിന്നും ഒരു തവണ ശരാശരി 30 കിലോവരെ പഴം പ്രതീക്ഷിക്കാം. അതിവേഗം വളർന്ന് 13–49 അടി വരെ ഉയരം വയ്ക്കുന്ന ഫലവൃക്ഷമാണിത്. ഉരുണ്ടോ കോൺ ആകൃതിയിലോ കാണുന്ന വലിയ ഫലങ്ങൾക്ക് പഴുക്കുന്നതുവരെ നല്ല പച്ചനിറമായിരിക്കും.

പഴങ്ങൾ വിളവെടുത്താൽ കാലതാമസമില്ലാതെ ഉപയോഗിക്കേണ്ടതുണ്ട്. സൂക്ഷിപ്പുകാലം കുറവായതുകൊണ്ട് വാണിജ്യക്കൃഷിക്ക് പൊതുവെ ഉപയോഗിക്കാറില്ല. എന്നാൽ ഇപ്പോൾ 3–7 ദിവസം സൂക്ഷിച്ചുവയ്ക്കാവുന്ന ഇനങ്ങൾ ലഭ്യമാണ്. വീട്ടുവളപ്പുകളിലേക്ക് യോജിച്ച ഫലവൃക്ഷമാണിത്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഉഷ്ണ മേഖലാവൃക്ഷമാണെങ്കിലും തണലുള്ളിടങ്ങളിലും വളർത്താം. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള തിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വളർത്താനും യോജ്യം. വിത്തു പാകിയും ബഡിങ്, ഗ്രാഫ്റ്റിങ് എന്നിവ വഴിയും തൈകൾ സ്വന്തമാക്കാം. റൊളീനിയയുടെ തടി വള്ളമുണ്ടാക്കാൻ ഉപയോഗിക്കാറുണ്ടത്രെ.