നിരവധി ഗുണങ്ങളുള്ള ചേമ്പ് കൃഷി ചെയ്യാം
മഴനനഞ്ഞ മണ്ണ് തയ്യാറാക്കി എളുപ്പത്തിൽ കൃഷി ചെയ്യാനാകുന്ന വിളകളിൽ പ്രധാനപ്പെട്ടതാണ് ചേമ്പ്. ചെറിയ കുഴികൾ കുത്തി നടുമ്പോൾ തന്നെ നല്ല വിളവ് ലഭിക്കുന്ന ഈ വിള, മറ്റ് പല ഭക്ഷ്യവിളകളെക്കാൾ കൂടുതൽ ഉൽപ്പാദനം നൽകാനുള്ള ശേഷിയുള്ളതാണ്. കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതും നാടൻ വിഭവങ്ങളിൽ പ്രധാന സ്ഥാനമുള്ളതുമായ ചേമ്പ്, ഇല വിഭവങ്ങളിലൂടെയും രുചി കൂട്ടുന്ന ഒന്നാണ്.
മഴനനഞ്ഞ മണ്ണ് തയ്യാറാക്കി എളുപ്പത്തിൽ കൃഷി ചെയ്യാനാകുന്ന വിളകളിൽ പ്രധാനപ്പെട്ടതാണ് ചേമ്പ്. ചെറിയ കുഴികൾ കുത്തി നടുമ്പോൾ തന്നെ നല്ല വിളവ് ലഭിക്കുന്ന ഈ വിള, മറ്റ് പല ഭക്ഷ്യവിളകളെക്കാൾ കൂടുതൽ ഉൽപ്പാദനം നൽകാനുള്ള ശേഷിയുള്ളതാണ്. കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതും നാടൻ വിഭവങ്ങളിൽ പ്രധാന സ്ഥാനമുള്ളതുമായ ചേമ്പ്, ഇല വിഭവങ്ങളിലൂടെയും രുചി കൂട്ടുന്ന ഒന്നാണ്.
തുറസ്സായ നിലങ്ങളിൽ തനിവിളയായും, തെങ്ങ്-വാഴ തോട്ടങ്ങളിൽ ഇടവിളയായും ചേമ്പ് വിജയകരമായി കൃഷി ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. 100 മുതൽ 200 ഗ്രാം വരെ തൂക്കം വരുന്ന തള്ളച്ചേമ്പോ, 50 മുതൽ 75 ഗ്രാം വരെ തൂക്കം വരുന്ന പിള്ളച്ചേമ്പോ നടീൽ വസ്തുക്കളായി തിരഞ്ഞെടുക്കാം. വാരങ്ങളിലോ ചാലുകളിലോ ഏകദേശം രണ്ടടി അകലം പാലിച്ച് നടുന്നത് മികച്ചതാണ്. നട്ടതിന് ശേഷം പച്ചിലകളോ കരിയിലകളോ ഉപയോഗിച്ച് പുതയിടുന്നത് വളർച്ചയ്ക്ക് സഹായകരമാണ്. കൂടാതെ, ഒരേക്കറിന് ഏകദേശം അഞ്ച് ടൺ ജൈവവളം അടിവളമായി നൽകുന്നതും വിളവെടുപ്പ് മെച്ചപ്പെടുത്താൻ ഉപകാരപ്പെടും.
രാസവളം ചേർക്കുന്നെങ്കിൽ ഏക്കറിൽ 20 കിലോഗ്രാം യൂറിയയും 50 കിലോഗ്രാം രാജ്ഫോസും 15 കിലോഗ്രാം പൊട്ടാഷും ചേമ്പ് മുളച്ച് രണ്ടാഴ്ചയ്‌ക്കകം നൽകണം. ഒരു മാസത്തെ ഇടവേളയിൽ 20 കിലോഗ്രാം യൂറിയയും 15 കിലോ ഗ്രാം പൊട്ടാഷും മേൽ വളമായി നൽകാം. വളം ചെയ്യുന്നതിന് മുമ്പായി കള പറിക്കുന്നതിനും വളം ഇളക്കി ചേർത്ത ശേഷം മണ്ണ് കൂട്ടികൊടുക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. നനയുള്ള സ്ഥലത്ത് എപ്പോൾ വേണമെങ്കിലും ചേമ്പ് കൃഷിചെയ്യാം. വിളവെടുപ്പിന് ഒരു മാസം മുമ്പ് നന നിർത്തണം.
കണ്ണൻ ചേമ്പ്
ചേമ്പുകളിലെ ഏറ്റവും കുഞ്ഞനാണ് കണ്ണൻ ചേമ്പ്. അധികം ഉയരം വയ്‌ക്കാത്ത ചെറിയ ഇലകളോടുകൂടിയ ഈ ചേമ്പിന്റെ കിഴങ്ങുകളും ചെറുതായിരിക്കും. പറമ്പുചേമ്പെന്നും ചെറുചേമ്പെന്നും കണ്ണൻ ചേമ്പിന് പേരുണ്ട്.
ചക്ക ചേമ്പ്
നീല ചേമ്പ്, വെട്ടി ചേമ്പ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ചക്ക ചേമ്പിന്റെ തണ്ട് നീല നിറമായിരിക്കും. കണ്ണൻ ചേമ്പിനേക്കാൾ വലിപ്പം കൂടിയ ചക്ക ചേമ്പ് തനിവിളയായും കൃഷിചെയ്യാം.
പാൽ ചേമ്പ്
ഒരാളുടെ ഉയരം വയ്‌ക്കുന്ന പാൽ ചേമ്പാണ് ചേമ്പുകളുടെ കൂട്ടത്തിലെ ഭീമൻ. കനത്ത തണ്ടും വലിയ ഇലകളും ഒരു മുഴത്തിലേറെ നീളവും വണ്ണവും ഉള്ള ഒറ്റക്കിഴങ്ങും പാൽ ചേമ്പിന്റെ പ്രത്യേകതയാണ്.
ശ്രീ ഇനങ്ങൾ
ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങ് വർഗ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരൺ എന്നിവ. കീടരോഗ പ്രതിരോധശേഷിയും അത്യുൽപ്പാദനവും മാത്രവുമല്ല ചൊറിച്ചിലില്ല എന്ന മേന്മയും ശ്രീ ഇനങ്ങൾക്കുണ്ട്. ഏക്കറിന് 8 ടൺ നൽകുന്നവയാണ് ശ്രീ ചേമ്പിനങ്ങൾ.
വരുമാനവും
ചേമ്പിനെ വാഴത്തോട്ടത്തിലെ ഇടവിളയാക്കിയാൽ കൃഷിച്ചെലവ് കൂടാതെ തന്നെ വരുമാനം കൂട്ടാൻ സാധിക്കും. 4 വാഴയുടെ നടുവിൽ ഒരു ചേമ്പ് എന്നതാണ് കണക്ക്. സീസണിൽ കിലോഗ്രാമിന് 50 രൂപ വരെ കിട്ടും. മറ്റ് കിഴങ്ങ് വർഗ വിളകളെ അപേക്ഷിച്ച് നേരത്തെ വിളവെടുക്കാമെന്നതും ചേമ്പിന്റെ വാണിജ്യ സാധ്യത കൂട്ടുന്നു.